കടുത്ത സൈബർ ആക്രമണം; പ്രവർത്തിക്കാനാകാതെ ഗിരിജ തീയേറ്റർ
സൈബർ ആക്രമണം മൂലം തീയേറ്റർ പ്രവർത്തനം തടസപ്പെടുന്നതായി തൃശൂരിലെ ഗിരിജ തീയേറ്റർ ഉടമ ഡോ.ഗിരിജ വെളിപ്പെടുത്തി. അഞ്ചു വർഷമായി നേരിടുന്ന അധിക്ഷേപത്തെ പറ്റി പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.
തീയേറ്ററിലെ ടിക്കറ്റ് സർവീസ് ചാർജില്ലാതെ വാട്‌സ്ആപ്പ് വഴി വിതരണം ചെയ്തതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകൾ തൃശൂരിലെ ഗിരിജാ തീയേറ്ററിനെ വെബ്‌സൈറ്റിൽ നിന്ന് മാറ്റിയിരുന്നു. അതിനുപിന്നാലെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് ടിക്കറ്റ് വിൽപ്പനയും തീയേറ്ററിലെ സിനിമ പ്രദർശനത്തിന്റെ വിവരങ്ങളും ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സൈബർ ഗുണ്ടകളും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന സ്ഥിതിയിലെത്തി. 2018 മുതൽ ഗിരിജാ തീയേറ്ററിന്റെ പേരിൽ തുടങ്ങിയ 12 ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിനും സമാന സ്ഥിതി തന്നെയാണ്.
എന്റെ തീയേറ്റിന്റെ പേരിലുള്ള ഇൻസ്റ്റാ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നഷ്ടപ്പെട്ടു. എല്ലാ വഴികളും അടഞ്ഞപ്പോൾ സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങി എന്നിട്ടും രക്ഷയില്ലാതായിരിക്കുകയാണ്. എനിക്ക് നേരെ വ്യക്തിപരമായ ആക്രമണമാണെന്ന് മനസിലാക്കിയതോടെ മറ്റൊരു ടീമിന് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറിയിരുന്നു. എന്നാൽ അവരുടെ അക്കൗണ്ടും പൂട്ടിച്ചു. ഇൗ പ്രശ്‌നത്തെ ചെറുക്കാൻ എന്തു നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണെന്ന് ഡോ. ഗിരിജ വ്യക്തമാക്കി. വിഷയത്തിൽ സിനിമാ നിർമ്മാതാക്കൾ ഇടപെട്ടില്ലെങ്കിൽ തീയേറ്റർ അടച്ചുപൂട്ടേണ്ടി വരുമെന്നും അവർ പറഞ്ഞു.
ഭീഷണിയായി സൈബർ ഗുണ്ടകൾ
ഈ നീക്കങ്ങൾക്ക് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല. സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടും മറുപടികൾ ഒന്നും തന്നെയുണ്ടായിട്ടില്ല. വെബ്‌സൈറ്റ് പോലുമില്ലാത്ത തീയേറ്ററിന് എങ്ങനെ സിനിമാ നൽകുമെന്നാണ് നിർമ്മാതാക്കളുടെ ചോദ്യം. തന്റെ തീയേറ്ററിലേക്ക് സിനിമ തരാൻ ധൈര്യം കാട്ടിയത് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജുമാണ്. നല്ല കുറച്ച് നിർമ്മാതാക്കളുടെ സഹായത്തോടെ മാത്രമാണ് കഴിഞ്ഞുപോകുന്നതെന്നും ഒരുപദ്രവവും ചെയ്യാതെ കഴിഞ്ഞുപോകാനാണ് ശ്രമിക്കുന്നതെന്നും ഡോ. ഗിരിജ പറഞ്ഞു.
ഓൺലൈൻ സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്‌ക്കെതിരെ വാട്‌സ് ആപ്പ് ബുക്കിങ്ങ് സംവിധാനം ആരംഭിച്ചപ്പോഴായിരുന്നു ബുക്കിങ് സൈറ്റുകളിൽ നിന്ന് കഴിഞ്ഞ വർഷം ആദ്യമായി വിലക്ക് വീണത്. ഒരു രൂപ പോലും സാധാരണക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങാതെ ആണ് ബുക്കിങ് നടത്തിയിരുന്നതെന്നും ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ പറഞ്ഞിരുന്നു. കോവിഡിന് ശേഷം അന്യഭാഷാ സിനിമകൾ വന്നതോടെ തീയേറ്ററുകൾ തുറന്ന സമയത്തായിരുന്നു പുതിയ നീക്കം. ടിക്കറ്റ് ചാർജിന് പകരമുള്ള ബുക്കിങ് ചാർജ് ഒഴിവാക്കാനായിരുന്നു വാട്‌സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്. തീയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും പണക്കാരല്ല. നാല് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‌കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ മാർഗം സ്വീകരിച്ചതെന്നും ഡോ. ഗിരിജ വെളിപ്പെടുത്തുകയുണ്ടായി.