ഗാസയില്‍ കടുത്ത പട്ടിണി: പോഷകാഹാരക്കുറവ് നേരിടുന്നത് 8,000 ത്തിലധികം കുട്ടികളെന്ന് ഡബ്ല്യുഎച്ച്ഒ
ഗാസയിലെ ജനങ്ങള്‍ കടുത്ത പട്ടിണി നേരിടുന്നതായും 8,000 ത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 37,202 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 15,694 കുട്ടികള്‍ മരിച്ചതായും 17,000 ത്തിലധികം കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടതായും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 498 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 150 മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. പട്ടിണി മൂലം മാത്രം 33 പേരാണ് ഗാസയില്‍ മരിച്ചത്.
യുദ്ധത്തെ തുടര്‍ന്ന് ഗാസയില്‍ 3,300 കോടി ഡോളറിന്റെ നാശനഷ്ടമാണുണ്ടായത്. മാസങ്ങളായി ഗാസയിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തുന്നത് ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. ഉപരോധിക്കപ്പെട്ട മേഖലയില്‍ അവശേഷിക്കുന്ന സാധനങ്ങള്‍ പോലും വാങ്ങിക്കാനാകാത്ത അവസ്ഥയിലാണ് ജനങ്ങള്‍. ഗാസയിലെ ജനങ്ങളെ ബോധപൂര്‍വ്വം പട്ടിണിയിലാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര സഹായസംഘടനകള്‍ ആരോപിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍
യുഎന്‍ പാസാക്കിയ അമേരിക്കന്‍ പിന്തുണയോടുകൂടിയ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചിരുന്നു. ഇസ്രയേല്‍ അന്തിമ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രമേയം യുഎന്‍ രക്ഷാസമിതി അംഗീകരിച്ചത്. പ്രമേയത്തിന് പതിനാല് രാജ്യങ്ങള്‍ വോട്ട് ചെയ്യുകയും റഷ്യ വിട്ടുനില്‍ക്കുകയും ചെയ്തു. പ്രമേയത്തില്‍ പറയുന്നത് പ്രകാരം മൂന്നുഘട്ടമായാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കുക. ആറാഴ്ചത്തെ വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ വിട്ടയക്കലും ഉള്‍പ്പെടും. മൂന്നാം ഘട്ടത്തില്‍ തകര്‍ന്ന ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണമാണ് പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തണമെന്നും നിര്‍ദേശിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.