TMJ
searchnav-menu
post-thumbnail

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് | PHOTO: PTI

TMJ Daily

ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണം; വിചാരണ നേരിടണമെന്ന് ഡല്‍ഹി പോലീസ് 

11 Jul 2023   |   2 min Read
TMJ News Desk

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള കുറ്റപത്രത്തില്‍ താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ച് ഡല്‍ഹി പോലീസ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഉപദ്രവം, വേട്ടയാടല്‍ തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് ശരിവച്ചത്.  ആറ് വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസിന്റെ കണ്ടെത്തല്‍. ബ്രിജ് ഭൂഷണ്‍ വിചാരണ ചെയ്യപ്പെടണമെന്നും ശിക്ഷിക്കപ്പെടണമെന്നും ജൂണില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സെക്ഷന്‍ 506, 354, 354 എ, 354 ഡി, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടെണ്ണം 354, 354എ, 354ഡി, എന്നീ വകുപ്പുകളിലും, നാല് കേസുകള്‍ സെക്ഷന്‍ 354, 354എ, എന്നീ വകുപ്പുകളും ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 108 സാക്ഷികളുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. എന്നാല്‍ ഇതില്‍ 15 പേര്‍ പരിശീലകരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, റോസ് അവന്യൂ കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാലാണ് ബ്രിജ് ഭൂഷണും ദേശീയ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും നോട്ടീസ് അയച്ചത്. ഈ മാസം 18നാണ് കേസ് പരിഗണിക്കുക. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി. ജൂണ്‍ 15 നു ബ്രിജ് ഭൂഷണെതിരെ പട്യാല കോടതിയില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജൂലൈ 18 ന് ഞാന്‍ കോടതിയില്‍ ഹാജരാകും. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് എനിക്ക് ഒരു ഇളവും ആവശ്യമില്ല. ''ബ്രിജ് ഭൂഷണ്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിക്കുകയും, ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളെ താന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലെന്നും അവരുടെ നമ്പറുകള്‍ തന്റെ കൈവശം ഇല്ലെന്നുമാണ്' ബ്രിജ് ഭൂഷന്റെ പ്രതികരണം. 

പോരാടാന്‍ ഉറച്ച് താരങ്ങള്‍

തെരുവിലിറങ്ങിയുള്ള സമരം അവസാനിപ്പിച്ചതായും ഇനി കോടതി വഴി പോരാടുമെന്നും പ്രതിഷേധത്തിലായിരുന്ന ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക്കിന് പുറമെ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ എന്നിവരും ട്വീറ്റ് ചെയ്തിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പക്ഷേ, അത് കോടതിയിലായിരിക്കും, തെരുവിലല്ലയെന്നും താരങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ കുറിച്ചിരുന്നു. 

ജൂണ്‍ ഏഴിന് നടന്ന ചര്‍ച്ചകള്‍ പ്രകാരം സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി. ആറ് വനിതാ ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയും ജൂണ്‍ 15 ന് ഡല്‍ഹി പോലീസ്, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.  

ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് സമരം ചെയ്ത താരങ്ങളെ ഒഴിവാക്കാനുള്ള ഐഒഎ അഡ്ഹോക്ക് പാനലിന്റെ തീരുമാനത്തിനെതിരെയും താരങ്ങള്‍ രംഗത്തുവന്നിരുന്നു. മുന്‍ ഗുസ്തിതാരവും നിലവില്‍ ബിജെപി നേതാവുമായ യോഗേശ്വര്‍ ദത്തിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് താരങ്ങള്‍ ഉന്നയിച്ചത്. 

'സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ കൊണ്ടാണ് യോഗേശ്വര്‍ ദത്ത് തങ്ങളെ ലക്ഷ്യമിടുന്നത്. ബ്രിജ് ഭൂഷണ്‍ അയാള്‍ക്ക് ഡബ്യൂഎഫ്ഐ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരിക്കാമെന്നും അതിനാലാണ് അയാള്‍ ബ്രിജ്ഭൂഷനൊപ്പം നില്‍ക്കുന്നതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. ബ്രിജ് ഭൂഷനെ ജയിലില്‍ അടയ്ക്കാത്തിടത്തോളം അയാള്‍ ചെയ്ത പാപങ്ങള്‍ക്ക് തക്ക പ്രതിഫലം ലഭിക്കുന്നില്ല, അതു തുടരും. കുറ്റപത്രത്തിന്റെ പകര്‍പ്പിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. അത് നീതിക്ക് പര്യാപ്തമാണോ എന്ന് ഞങ്ങള്‍ വിലയിരുത്തും. റോഡില്‍ ഇരിക്കണോ അതോ ജീവന്‍ പണയപ്പെടുത്തണോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും' വിനേഷ് കൂട്ടിച്ചേര്‍ത്തിരുന്നു.


#Daily
Leave a comment