
ബ്രിട്ടണില്‍ ലൈംഗികപീഡനാരോപണം: മലയാളി പുരോഹിതന്‍ രാജിവച്ചു
ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ മലയാളിയായ പുരോഹിതന്‍ ലൈംഗികപീഡനാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജിവച്ചു. ലിവര്‍പൂള്‍ ബിഷപ്പായ ജോണ്‍ പെരുമ്പളത്താണ് രാജിവച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ജോണ്‍ നിഷേധിച്ചു.
രണ്ട് പേരെ പീഡിപ്പിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്. അതിലൊരാള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ തന്നെ വനിതാ ബിഷപ്പ് ആണ്. ഒരു സ്ത്രീയെ 2019നും 2023നും ഇടയില്‍ പലതവണ ലൈംഗികമായി ആക്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നു.
എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും മാധ്യമ വിചാരണയെത്തുടര്‍ന്നാണ് രാജി വയ്ക്കുന്നതെന്നും ജോണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി മറ്റൊരു ആരോപണത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു. ഇന്ത്യയിലെ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ അടക്കം ലോകമെമ്പാടുമുള്ള 85 മില്ല്യണ്‍ ആംഗ്ലിക്കന്‍ വിശ്വാസികളുടെ തലവനാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ജോണ്‍ പറഞ്ഞു.
1994ല്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയില്‍ പുരോഹിതവൃത്തി ആരംഭിച്ച ജോണ്‍ 2001ല്‍ ബ്രിട്ടനിലേക്ക് താമസം മാറ്റുകയും റോച്ചസ്റ്റര്‍ ഡയോസസില്‍ അംഗമായി. 2023 മുതല്‍ ലിവര്‍പൂള്‍ ബിഷപ്പായിരുന്നു. താന്‍ സജീവ പ്രേഷിത പ്രവര്‍ത്തനത്തില്‍ നിന്നും ഉടനടി തന്നെ വിരമിക്കുന്നുവെന്നും ജോണ്‍ രാജിക്കത്തില്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയ കുടംബത്തിലെ അംഗമാണ് ജോണ്‍ പെരുമ്പളത്ത്.