TMJ
searchnav-menu
post-thumbnail

PRAJWAL REVANNA | PHOTO: WIKI COMMONS

TMJ Daily

ലൈംഗികാതിക്രമ കേസ്; പ്രജ്വല്‍ രേവണ്ണക്കായി ലുക്കൗട്ട് നോട്ടീസ് 

02 May 2024   |   2 min Read
TMJ News Desk

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസന്‍ പാര്‍ലമെന്റ് അംഗവും എന്‍ഡിഎ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണ സംഘം. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. ആരോപണത്തെ തുടര്‍ന്ന് രേവണ്ണ ജര്‍മ്മനിയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലേക്കും ലുക്കൗട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്. എംപിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. 

പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലെ മ്യൂണിക്കിലുണ്ടെന്നാണ് സൂചന. കര്‍ണാടക സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന്് തൊട്ടുമുന്‍പാണ് ഏപ്രില്‍ 27-28 തീയതികളില്‍ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. ലൈംഗികാതിക്രമത്തിനിരയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ ഏഴ് ദിവസത്തെ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടിരുന്നു. അന്വേഷണസംഘവുമായി സഹകരിക്കാന്‍ താന്‍ ബെംഗളൂരില്‍ ഇല്ലെന്നും ഇക്കാര്യം അഭിഭാഷകന്‍ വഴി അറിയിക്കുമെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും ഇയാള്‍ എക്‌സിലൂടെ പ്രതികരിച്ചു.

പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്

പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന്റേതായിരുന്നു തീരുമാനം. പ്രജ്വലിനെതിരെ ആരോപണം ശക്തമായതോടെ പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്നിരുന്നു. ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യാനായി ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട മൂവായിരത്തോളം വീഡിയോകള്‍ പ്രജ്വല്‍ പകര്‍ത്തിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രജ്വല്‍ രേവണ്ണയെ പുറത്താക്കാന്‍ പാര്‍ട്ടി എംഎല്‍എമാരായ ശരണ ഗൗഡ കണ്ടക്കൂര്‍, സമൃദ്ധി വി. മഞ്ജുനാഥ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എച്ച് ഡി രേവണ്ണയ്ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്. പ്രജ്വലിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീപീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് മെയ് 7 നാണ് നടക്കുന്നത്. ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നായിരുന്നു പ്രജ്വല്‍ സ്ഥാനാര്‍ത്ഥിയായത്. ഏപ്രില്‍ 26 ന് ഹാസന്‍ മണ്ഡലത്തിലുള്‍പ്പെടെ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലൈംഗിക വീഡിയോകള്‍ പ്രചരിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ അതിക്രമം നേരിട്ട ഒരു സ്ത്രീ പരാതി നല്‍കി. 2019 മുതല്‍ 2022 വരെ പ്രജ്വല്‍ രേവണ്ണ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.


 

 

#Daily
Leave a comment