പ്രജ്വല്‍ രേവണ്ണ | PHOTO: FACEBOOK
ലൈംഗികാതിക്രമ കേസ്: പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്ത് അന്വേഷണസംഘം
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസന്‍ പാര്‍ലമെന്റ് അംഗവും എന്‍ഡിഎ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണസംഘം. വെള്ളിയാഴ്ച പുലര്‍ച്ചെ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്നും ബംഗളൂരിലെ വിമാനത്താവളത്തിലെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വെള്ളിയാഴ്ച പൊലീസിന് കീഴടങ്ങുമെന്ന് പ്രജ്വല്‍ രേവണ്ണ പറഞ്ഞിരുന്നു.
പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടീസ്
മുപ്പത്തിനാല് ദിവസത്തോളം ഒളിവിലായിരുന്ന പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യയിലുടനീളമുള്ള എല്ലാ ഇമിഗ്രേഷന്‍ പോയിന്റുകളിലേക്കും ലുക്കൗട്ട് നോട്ടീസ് കൈമാറിയിരുന്നു. എംപിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിന്് തൊട്ടുമുന്‍പാണ് ഏപ്രില്‍ 27-28 തീയതികളില്‍ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. ലൈംഗികാതിക്രമത്തിനിരയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. എസ്ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ ഏഴ് ദിവസത്തെ സമയം വേണമെന്ന് പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടിരുന്നു.
ജെഡിഎസ് നടപടി
പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന്റേതായിരുന്നു തീരുമാനം. പ്രജ്വലിനെതിരെ ആരോപണം ശക്തമായതോടെ പാര്‍ട്ടി അടിയന്തര യോഗം ചേരുകയായിരുന്നു. ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട മൂവായിരത്തോളം വീഡിയോകള്‍ പ്രജ്വല്‍ പകര്‍ത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രജ്വല്‍ രേവണ്ണയെ പുറത്താക്കാന്‍ പാര്‍ട്ടി എംഎല്‍എമാരായ ശരണ ഗൗഡ കണ്ടക്കൂര്‍, സമൃദ്ധി വി. മഞ്ജുനാഥ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നായിരുന്നു പ്രജ്വല്‍ സ്ഥാനാര്‍ത്ഥിയായത്. ഏപ്രില്‍ 26 ന് ഹാസന്‍ മണ്ഡലത്തിലുള്‍പ്പെടെ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലൈംഗിക വീഡിയോകള്‍ പ്രചരിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അതിക്രമം നേരിട്ട ഒരു സ്ത്രീ പരാതി നല്‍കി. 2019 മുതല്‍ 2022 വരെ പ്രജ്വല്‍ രേവണ്ണ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.