TMJ
searchnav-menu
post-thumbnail

TMJ Daily

ലൈംഗികാതിക്രമ കേസ്: പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു

24 Dec 2025   |   1 min Read
TMJ News Desk

ലൈംഗികാതിക്രമ കേസിൽ പ്രതിയായ ചലച്ചിത്ര സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി നേരത്തെ അനുവദിച്ച മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. ജൂറി അംഗമായ സ്ത്രീയോട് തലസ്ഥാനത്തെ ഒരു ഹോട്ടൽ മുറിയിൽ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ക്രീനിംഗ് കഴിഞ്ഞ് ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ചലച്ചിത്ര പ്രവർത്തക ആരോപിച്ചത്.

പരാതി മുഖ്യമന്ത്രിക്ക് കൈമാറിയതിനെ തുടർന്ന് കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് അന്വേഷണം ആരംഭിച്ചത്. പൊലീസ് മുമ്പാകെയും പരാതിക്കാരി ആരോപണം ആവർത്തിച്ചിട്ടുണ്ട്.

അതേസമയം, ആരോപണങ്ങൾ പി ടി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും, അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


#Daily
Leave a comment