മഹാരാഷ്ട്രയിലെ താനെയില്‍ ലൈംഗികാതിക്രമം; പ്രതിഷേധിച്ചവരില്‍ 72 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
മഹാരാഷ്ട്രയിലെ താനെയില്‍ നാലും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്‌കൂള്‍ ശുചീകരണ തൊഴിലാളി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ബദല്‍പൂര്‍ റെയില്‍വേസ്റ്റേഷനില്‍ റെയില്‍പാളത്തിലിറങ്ങി പ്രതിഷേധിച്ച 72 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മിക്ക സ്‌കൂളുകളും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ക്രമസമാധാനത്തിനായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നഗരത്തിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആറുമണിക്കൂറിലധികം നീണ്ട പ്രതിഷേധത്തില്‍ കണ്ണീര്‍വാതകം പ്രയോഗിച്ച പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു. 17 സിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്കും എട്ടോളം റെയില്‍വേ പോലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ 11 മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നത് പ്രതിഷേധം ശക്തമാക്കി.
സംഭവത്തില്‍ കേസെടുക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരാതിക്ക് പിന്നാലെ മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.
താനെ ജില്ലയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂളില്‍ ആഗസ്റ്റ് 12, 13 ദിവസങ്ങളിലായിരുന്നു സംഭവം നടന്നത്. സ്‌കൂളിലെ താല്‍കാലിക ശുചീകരണത്തൊഴിലാളിയായ അക്ഷയ് ഷിന്‍ഡെ കുട്ടികളെ സ്‌കൂള്‍ ശൗചാലയത്തില്‍ വച്ചാണ് പീഡിപ്പിച്ചത്. മാതാപിതാക്കളുടെ പരാതിയില്‍ താനെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.
അതേസമയം സ്‌കൂളിന്റെ സുരക്ഷാ നടപടികളില്‍ വീഴ്ച കണ്ടെത്തി. സി.സി.ടി.വി പ്രവര്‍ത്തനരഹിതമാണെന്നും പെണ്‍കുട്ടികളുടെ ശൗചാലയത്തില്‍ വനിതാ അറ്റന്‍ഡര്‍മാരില്ലായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെയും ക്ലാസ് ടീച്ചറെയും ജീവനക്കാരിയെയും സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു.