
ഒത്തുതീര്‍പ്പായാലും ലൈംഗിക പീഡന കേസ് റദ്ദാക്കില്ല: സുപ്രീം കോടതി
പരാതിക്കാരിയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ ലൈംഗിക പീഡനക്കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണ വിധേയനായ അധ്യാപകന് ആശ്വാസമായി രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കുകയും കുറ്റാരോപിതനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.
രാജസ്ഥാനിലെ ഗംഗാപൂരില്‍ 2022ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നല്‍കി. ഇതനുസരിച്ചാണ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
എന്നാല്‍ തെറ്റിദ്ധാരണ മൂലമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അധ്യാപകനെതിരെ ഇനി നടപടി വേണ്ടെന്നും പറയുന്ന മുദ്ര പത്രത്തില്‍ തയ്യാറാക്കിയ രേഖ പ്രകാരം ആരോപണ വിധേയനായ അധ്യാപകന്‍ വിമല്‍ കുമാര്‍ ഗുപ്ത പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും നേടി. ഇത് അംഗീകരിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കീഴ്‌ക്കോടതി ഈ വാദം നിരസിച്ചു. തുടര്‍ന്ന് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകനായ രാംജി ലാല്‍ ബൈര്‍വയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കിയത്.


