
ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.


