ഷാരൂഖ് ഖാന്‍ | Photo: PTI
ടൈം വാരികയുടെ പോളില്‍ ഷാരൂഖ് ഖാന്‍ ഒന്നാമന്‍
പ്രമുഖ അമേരിക്കന്‍ പ്രസിദ്ധീകരണമായ ടൈം വാരിക ടൈം 100 എന്ന പേരില്‍ വായനക്കാരില്‍ നടത്തിയ പോളില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഒന്നാമനായി. വായനക്കാരുടെ വോട്ടിങ്ങിലൂടെയാണ് ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാര്‍ഷിക പട്ടിക പുറത്തുവിട്ടത്. ഓസ്‌ക്കാര്‍ ജേതാവായ നടന്‍ മിഷേല്‍ യോ, അത്ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ലയണല്‍ മെസി എന്നിവരെയെല്ലാം പിന്നിലാക്കിയാണ് ഷാരൂഖിന്റെ നേട്ടം.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത്. ഇതില്‍ 4 ശതമാനം വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച ഇറാനിയന്‍ സ്ത്രീകളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൊത്തം വോട്ടിന്റെ 2 ശതമാനം നേടിയ ആരോഗ്യ പ്രവര്‍ത്തകരാണ് മൂന്നാം സ്ഥാനത്ത്. 1.9 ശതമാനം വോട്ട് നേടിയ ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്ത്. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 1.8 ശതമാനം വോട്ട് നേടി അഞ്ചാം സ്ഥാനത്താണ്.