TMJ
searchnav-menu
post-thumbnail

വിനീഷ്യസ് ജൂനിയര്‍ | Photo: Instagram

TMJ Daily

നാണംകെട്ട് ഫുട്‌ബോള്‍; സ്പാനിഷ് ലീഗ് വംശീയ വാദികളുടേതെന്ന് വിനീഷ്യസ് ജൂനിയര്‍

22 May 2023   |   2 min Read
TMJ News Desk

രുത്തുറ്റ കളിക്കാരുടെതായിരുന്ന സ്പാനിഷ് ലീഗ് ഇപ്പോള്‍ വംശീയവാദികളുടേതാണെന്ന് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍. ലീഗ് മത്സരത്തിനിടെ വീണ്ടും വംശീയാധിക്ഷേപം നേരിട്ടതിനെ തുടര്‍ന്നാണ് താരത്തിന്റെ പ്രതികരണം. വലന്‍സിയ റയല്‍ മാഡ്രിഡ് മത്സരത്തിനിടെയായിരുന്നു സംഭവം. 

കളിക്കിടെ സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്ന കാണികളില്‍ പലരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. സംഭവത്തില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. തുടര്‍ന്ന് പത്തുമിനിറ്റോളം മത്സരം നിര്‍ത്തിവച്ചു. പിന്നീട് കളി പുനഃരാരംഭിച്ചെങ്കിലും ചുവപ്പുകാര്‍ഡ് കിട്ടി വിനീഷ്യസ് പുറത്തുപോയി. 

സംഭവത്തില്‍ വിനീഷ്യസ് സ്പാനിഷ് ലീഗിനെ അപമാനിച്ചതായി ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബസ് പറഞ്ഞു. അതേസമയം, വിനീഷ്യസിന് പൂര്‍ണപിന്തുണ നല്‍കുന്നതായി ഫിഫ വ്യക്തമാക്കി. ഫുട്‌ബോളിലോ സമൂഹത്തിലോ വംശീയ വിദ്വേഷത്തിനു സ്ഥാനമില്ലെന്നും അത്തരമൊരു സാഹചര്യത്തില്‍ ഫിഫ ഒപ്പമുണ്ടാകുമെന്നും അറിയിച്ചു. മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോയും, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങളും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും വിനീഷ്യസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 

തുടരുന്ന വംശീയക്കളി

വിനീഷ്യസിന് വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. എടുത്തുപറയക്കത്ത നിരവധി കളിസ്ഥലങ്ങളില്‍ വിനീഷ്യസ് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ട്. പ്രമുഖ സ്ട്രീമിംഗ് സേവനമായ DAZN സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലും, 22 കാരനായ വിനീഷ്യസിനെ കുരങ്ങെന്ന് വിശേഷിപ്പിച്ചിരുന്നു. 

കോപ്പ ഡെല്‍റെ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണവുമുണ്ടായിരുന്നു. കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ് ക്ലബുകളും അപലപിച്ചിരുന്നു. 

നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റിക്കോ ആരാധകര്‍ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും വിനീഷ്യസിനെതിരെ രംഗത്തുവന്നിരുന്നു. കുപ്പികളെറിഞ്ഞും തെറിവിളിച്ചുമാണ് ചിലര്‍ വംശീയാധിക്ഷേപം ചൊരിഞ്ഞത്. 

കായികചരിത്രത്തിലെ വര്‍ണവെറിയുടെ ജീര്‍ണിച്ച കഥകളില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പേരാണ് ജയിംസ് ക്ലേവാണ്ട് ഓവന്‍സ് അഥവാ ജെസ്സി ഓവന്‍സ്. കറുത്ത വര്‍ഗക്കാരന്റെ മെഡല്‍ നേട്ടത്തില്‍ അസ്വസ്ഥനായ ഹിറ്റ്‌ലര്‍ വിജയിക്ക് അഭിനന്ദനം നല്‍കാന്‍ വിസമ്മതിച്ചു സ്‌റ്റേഡിയം വിട്ടതും, 'ഞാന്‍ വന്നത് ജയിക്കാനാണ്, ഹിറ്റ്‌ലറുടെ ഹസ്തദാനം സ്വീകരിക്കാനല്ല' എന്ന ജെസ്സി ഓവന്‍സിന്റെ പ്രസ്താവനയും കായികലോകത്തെ പിടിച്ചുകുലുക്കിയത് ചെറുതായല്ല. പിന്നീടും പല തരത്തിലുള്ള വംശവെറികള്‍ക്ക് കായികപ്രേമികള്‍ സാക്ഷ്യംവഹിച്ചു. 2012 ല്‍ സ്പാനിഷ് ലീഗിലെ ബാഴ്‌സലോണ- വിയ്യാറയല്‍ മത്സരം കാല്‍പന്തുകളിയാരാധകര്‍ ഓര്‍ത്തിരിക്കുന്നതും സമാനമായ സംഭവവികാസങ്ങളോടെയാണ്. കോര്‍ണര്‍ കിക്കെടുക്കാന്‍ വന്ന ബ്രസീലിയന്‍ താരം ഡാനി ആല്‍വാസിനുനേരെ വിയ്യാറയല്‍ ഗ്യാലറിയില്‍ നിന്നും എറിഞ്ഞ പഴം വെളുത്തവന്റെ വ്രണപ്പെട്ട വര്‍ണഹുങ്കിന്റെ തെളിവായിരുന്നു. 

വെളുപ്പിന്റെ വെറുപ്പിനെ ഗ്യാലറിക്കു പുറത്താക്കണം

യൂറോപ്യന്‍ കളിക്കളങ്ങള്‍ കാലാകാലങ്ങളായി കാത്തുവയ്ക്കുന്ന വെളുപ്പിന്റെ വെറുപ്പുളവാക്കുന്ന രാഷ്ട്രീയം കറുത്തവനെതിരെയുള്ള വാനരന്‍ വിളികളും മറ്റുമായി അവശേഷിക്കുന്നു. യൂറോപ്പിന്റെ കളിക്കളങ്ങളെയും ഗ്യാലറികളെയും പിടികൂടിയ ഈ വര്‍ഗ-വംശ-വര്‍ണ വിഷം ലോകത്താകമാനം പടര്‍ന്നുകയറിയിരിക്കുകയാണ്. ഫിഫ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ നിരന്തരമായി അധിക്ഷേപം തുടരുന്നത് താരത്തെ നിരാശനാക്കുന്നതോടൊപ്പം വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. 

ഫിഫയുടെ നിയമമനുസരിച്ച് മത്സരത്തിനിടെ വംശീയവെറി നേരിട്ടാല്‍ ആ വ്യക്തിക്ക് അത് റഫറിയെ അറിയിച്ച് താല്ക്കാലികമായി കളി നിര്‍ത്തിവയ്ക്കുകയും ചെയ്യാം. പിന്നീട് അധിക്ഷേപം തുടര്‍ന്നാല്‍ കളിക്കാര്‍ക്ക് പിച്ച് വിടാം. മത്സരം പുനഃരാരംഭിച്ച ശേഷം വീണ്ടും ആക്രമണം തുടര്‍ന്നാല്‍ ഏതു ടീമിന്റെ താരങ്ങളാണോ അധിക്ഷേപം നടത്തുന്നത് അവരുടെ എതിരാളിക്ക് മൂന്നു പോയിന്റുകള്‍ നല്‍കണമെന്നുമാണ് നിയമം.


#Daily
Leave a comment