ശാന്തന്‍ | PHOTO: WIKI COMMONS
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന്‍ അന്തരിച്ചു
രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റവിമുക്തനായ ശാന്തന്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെ ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ശാന്തന്‍ ചികിത്സയിലായിരുന്നു. കുറ്റവിമുക്തനായ ശേഷം ശ്രീലങ്കയിലേക്ക് മടങ്ങാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മരണം. തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യല്‍ ക്യാമ്പില്‍ താമസിപ്പിച്ചിരുന്ന ശാന്തനെ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്രീലങ്കയിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ ഈ മാസം 24 നാണ് കോടതി അനുമതി നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കിയതോടെ ഒരാഴ്ചക്കുള്ളില്‍ ശാന്തന് ശ്രീലങ്കയിലേക്ക് പോകാമായിരുന്നു. യാത്ര സംബന്ധിച്ച രേഖകള്‍ തിരുച്ചിറപ്പള്ളി കലക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. രോഗിയായ അമ്മയെ കാണാനായിരുന്നു ഇയാള്‍ ശ്രീലങ്കയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്.
വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവിമുക്തര്‍
രാജീവ് ഗാന്ധി വധക്കേസില്‍ മുപ്പത്തിരണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് ശേഷം ശാന്തന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ 2022 നവംബര്‍ 11 നായിരുന്നു സുപ്രീം കോടതി മോചിപ്പിക്കുന്നത്. തമിഴ്‌നാട് സ്വദേശികളായിരുന്ന നളിനിയും രവിചന്ദ്രനും ഒഴികെ ശ്രീലങ്കന്‍ പൗരന്‍മാരായ ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ വിദേശ കുറ്റവാളികള്‍ക്കായുള്ള തിരുച്ചിറപ്പള്ളി ക്യാമ്പില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടും യാത്രാരേഖകളും ഇല്ലാത്തതുകൊണ്ടായിരുന്നു ഇവര്‍ക്ക് ക്യാമ്പില്‍ തുടരേണ്ടി വന്നത്. പ്രതികളില്‍ ശാന്തന്‍ മാത്രമാണ് മാതൃരാജ്യത്തേക്ക് മടങ്ങാന്‍ അനുമതി തേടിയത്.