TMJ
searchnav-menu
post-thumbnail

TMJ Daily

ഷാരോണ്‍രാജ് വധക്കേസ്; ഗ്രീഷ്മയ്ക്ക് വധശിക്ഷ

20 Jan 2025   |   2 min Read
TMJ News Desk

കാമുകനെ വിഷകഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് വധശിക്ഷ. പാറശാല മുര്യങ്കര ജെ പി ഹൗസില്‍ ഷാരോണ്‍രാജ് വധക്കേസില്‍ കുറ്റവാളിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും ശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എഎം ബഷീര്‍ പറഞ്ഞു. പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയുടെ അമ്മാവനും കേസിലെ രണ്ടാം പ്രതിയുമായ നിര്‍മല കുമാരന്‍ നായരെ മൂന്ന് വര്‍ഷം തടവിനും ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് 586 പേജുള്ള വിധി ന്യായത്തില്‍ കോടതി പറഞ്ഞു. ഒന്നാം പ്രതിയായ ഗ്രീഷ്മയ്‌ക്കെതിരെ 48 സാഹചര്യത്തെളിവുകള്‍ ഉണ്ടെന്നും പരമാവധി ശിക്ഷ നല്‍കാതിരിക്കാന്‍ തടസ്സമില്ലെന്നും കോടതി പറഞ്ഞു.തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ഗ്രീഷ്മയ്‌ക്കെതിരെ തെളിഞ്ഞത്.

സ്‌നേഹ ബന്ധം തുടരുമ്പോഴും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചു. ഗ്രീഷ്മയുടേത് പൈശാചിക മനസ്സായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായം മാത്രം നോക്കി ശിക്ഷായിളവ് നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കാനാണ് ഗ്രീഷ്മ ശ്രമിച്ചതെന്നും കോടതി പറഞ്ഞു.

ഗ്രീഷ്മ സമര്‍ത്ഥമായ കൊലപാതകം ആണ് ചെയ്തതെന്ന് കോടതി പറഞ്ഞു. ആന്തരികാവയവങ്ങള്‍ അഴുകിയാണ് ഷാരോണ്‍ മരിച്ചതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്നാണ് കാമുകനെ ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ ഗ്രീഷ്മ ക്ഷണിച്ചു വരുത്തിയത്. ഗ്രീഷ്മ വിശ്വാസ വഞ്ചന നടത്തി. മരണക്കിടക്കയില്‍ ആയിരുന്നപ്പോഴും ഗ്രീഷ്മയെ ഷാരോണ്‍ സ്‌നേഹിച്ചുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചുവെന്നും കോടതി പറഞ്ഞു.

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നുവെന്നും ഘട്ടം ഘട്ടമായി കൊലപാതകം നടത്താനാണ് പ്രതി ശ്രമിച്ചതെന്നും കോടതി പറഞ്ഞു. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ട്. ജ്യൂസ് ചലഞ്ച് നടത്തിയത് അതിന് തെളിവാണ്. മുമ്പും ഗ്രീഷ്മ വധശ്രമം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളെ അതിസമര്‍ത്ഥമായി കൂട്ടിക്കെട്ടിക്കൊണ്ട് ഗ്രീഷ്മ കുറ്റം ചെയ്തതായി തെളിയിക്കാന്‍ അന്വേഷണ സംഘത്തിനായെന്ന് കോടതി പറഞ്ഞു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

2022 ഒക്ടോബറിലാണ് ഷാരോണിന് ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ ജ്യൂസ് നല്‍കിയത്. വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയില്‍ കഴിയവേ ഒക്ടോബര്‍ 25ന് മരിച്ചു.





#Daily
Leave a comment