
കേരളത്തിന്റെ വ്യവസായ രംഗത്തെ മാറ്റത്തെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍
കേരളത്തിന്റെ വ്യാവസായിക രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയിലെ സംരംഭ വ്യവസ്ഥയില്‍ കേരളത്തിന്റെ സാമ്പത്തിക നൂതനത്വ, സുസ്ഥിര വികസന മാതൃക വേറിട്ട് നില്‍ക്കുന്നുവെന്ന് തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.
മുന്‍കാലങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാട് ബിസിനസ്സില്‍ ചെകുത്താന്റെ സ്വന്തം കളിക്കളമാണെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അത് ശരിയല്ലെന്നും നമുക്കെല്ലാം ആഘോഷിക്കാനുള്ള കാരണങ്ങള്‍ ഉണ്ടെന്നും തരൂര്‍ എഴുതി.
സംസ്ഥാനം നിക്ഷേപകനെ സംരക്ഷിക്കാനുള്ള നിയമം നടപ്പിലാക്കണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.
ശക്തമായ ചരിത്ര അടിത്തറയും തന്ത്രപരമായ സാമ്പത്തിക സംരംഭങ്ങളും ഉള്ള കേരളം സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടിയുള്ള മികച്ച കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച വാല്യൂവേഷനുകളും ത്വരിതഗതിയിലുള്ള വളര്‍ച്ചയും നേടിയിട്ടുള്ള കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥ ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ചയിലെ ഒരു പ്രധാന കളിക്കാരനായി സംസ്ഥാനത്തെ സ്ഥാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സംരംഭക മികവിനെ പ്രോത്സാഹിപ്പിക്കുന്ന നേതാവായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.
അടുത്ത കാലത്തായി ലോകത്തെ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥയില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം ലേഖനത്തില്‍ എടുത്തുപറഞ്ഞു. 2024ലെ ആഗോള സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥയുടെ മൂല്യം 1.7 ബില്ല്യണ്‍ ഉണ്ട്. ഇത് ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. 300ല്‍ അധികം സംരംഭ നൂതനത്വ വ്യവസ്ഥകളിലെ 4.5 മില്ല്യണ്‍ കമ്പനികളുടെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2021 ജൂലൈ 1 മുതല്‍ 2023 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ ശരാശരി വളര്‍ച്ച 46 ശതമാനം ആയിരുന്നപ്പോള്‍ കേരളത്തിന്റെ 254 ശതമാനമാണ്. ഇത് അസാധാരണമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ ഒന്നാമതെത്തിയത് ഉള്‍പ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ ശശി തരൂര്‍ പോസിറ്റീവായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തേയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുള്‍പ്പെടെ എത്തിച്ച സംരംഭക വര്‍ഷം പദ്ധതിയെ എല്ലാം ഒരു വലിയ മാറ്റമായി അംഗീകരിക്കാനും തരൂര്‍ തയ്യാറായിയെന്ന് രാജീവ് പറഞ്ഞു. കേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കമെന്ന ദീര്‍ഘകാലമായുള്ള എല്‍ഡിഎഫിന്റെ ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളിലൂടെ ഈ ലേഖനത്തില്‍ പങ്കുവയ്ക്കുന്നുവെന്ന് രാജീവ് പറഞ്ഞു.