
സവർക്കർ പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ
സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന ദി ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റി (HRDS) ഇന്ത്യ എന്ന സന്നദ്ധ സംഘടന പ്രഖ്യാപിച്ച സവർക്കർ പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് ശശി തരൂർ എം. പി വ്യക്തമാക്കി. കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ് ഏറ്റുവാങ്ങില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചത്.
പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് പാർട്ടി നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. തരൂർ പുരസ്കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. അവാർഡ് സ്വീകരിച്ചാൽ കോൺഗ്രസുകാരുടെ മനസ്സിൽ നിന്ന് തരൂർ എന്നന്നേക്കുമായി പുറത്താകും എന്നതിൽ സംശയമില്ലെന്നും, കോൺഗ്രസ് പ്രവർത്തകരുടെ ഉള്ളിൽ ശശി തരൂരിന് അവശേഷിക്കുന്ന സ്ഥാനം നഷ്ടപ്പെടുത്താനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ബോധപൂർവ്വമായ നീക്കമാണിതെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.


