.jpg)
ഷിഗെരു ഇഷിബ ജപ്പാനിൽ പ്രധാനമന്ത്രിയായി
ജപ്പാൻ്റെ പുതിയ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവൻ ഷിഗെരു ഇഷിബ അധികാരമേറ്റു. ചൊവ്വാഴ്ച്ച ജപ്പാൻ പാർലമെന്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നിയുക്ത പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് പകരക്കാരനായി ഇഷിബയെ വെള്ളിയാഴ്ച്ച പാർട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇഷിബ തൻ്റെ പുതിയ മന്ത്രിസഭയെ ചൊവ്വാഴ്ച്ച പിന്നീട് പ്രഖ്യാപിക്കും എന്നറിയിച്ചു.
മന്ത്രിസഭ രൂപീകരണത്തിന് മുന്നോടിയായി ഇഷിബ തിങ്കളാഴ്ച്ച പാർട്ടി നേതാക്കളെ പ്രഖ്യാപിച്ചു. പാർട്ടി നേതൃ മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ മുൻ പരിസ്ഥിതി മന്ത്രി ഷിൻജിറോ കൊയ്‌സുമി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സിൻ്റെ തലവനാകും.തകേഷി ഇവായയെ വിദേശകാര്യ മന്ത്രിയായും ജനറൽ നകതാനിയെ പ്രതിരോധ മേധാവിയായും നിയമിക്കും. ഇവർ രണ്ട് പേരും മുൻ പ്രതിരോധ മന്ത്രിമാരായിരുന്നു.
2021-ൽ കിഷിദ അധികാരമേറ്റെങ്കിലും അദ്ദേഹത്തിൻ്റെ സർക്കാർ അഴിമതികളാൽ മുങ്ങിപ്പോയതിന് ശേഷം പാർട്ടിക്ക് ഒരു പുതിയ നേതാവ് എന്ന ആവിശ്യം ശക്തമായിരുന്നു. ഒക്‌ടോബർ 27-ന് പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്താൻ ഇഷിബ പദ്ധതിയിടുന്നുണ്ട്.
പുതിയ ഭരണകൂടത്തിന് പൊതുജനങ്ങളുടെ വിധി എത്രയും വേഗം ലഭിക്കേണ്ടത് പ്രധാനമാണെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താനുള്ള തൻ്റെ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഇഷിബ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ഒക്ടോബർ 9 ന് പാർലമെൻ്റ് പിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു.
അഴിമതി-കുംഭകോണ പരാതികൾ കിഷിദ സർക്കാരിനെ ഒരുപാട് അലട്ടുന്നുണ്ടായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നേതാവിന് വഴിയൊരുക്കുന്നതിനായി കിഷിദ മൂന്ന് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ രാജിവെക്കുമെന്ന് ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.
നാറ്റോ സൈനിക സഖ്യത്തിൻ്റെ ഏഷ്യൻ പതിപ്പിനെക്കുറിച്ചും, യു എസ് ആണവ പ്രതിരോധത്തിൻ്റെ ഉപയോഗത്തെക്കുറിച്ചും പ്രാദേശിക പങ്കാളികൾക്കിടയിൽ കൂടുതൽ ചർച്ചകൾ ഇഷിബ നിർദ്ദേശിച്ചു. ജപ്പാനിലെ യു എസ് താവളങ്ങളുടെ സംയുക്ത മാനേജ്മെൻ്റും യു എസിൽ ജാപ്പനീസ് സെൽഫ് ഡിഫൻസ് ഫോഴ്സ് ബേസുകളും ഉൾപ്പെടെ കൂടുതൽ തുല്യമായ ജപ്പാൻ-യു എസ് സുരക്ഷാ സഖ്യവും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിന് എഴുതിയ ലേഖനത്തിലാണ് ഇഷിബ തൻ്റെ കാഴ്ചപ്പാടുകൾ വിശദീകരിച്ചത്.
1986 ൽ ആദ്യമായി പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇഷിബ, പ്രതിരോധ മന്ത്രിയായും കൃഷി മന്ത്രിയായും മറ്റ് സ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ എൽഡിപി സെക്രട്ടറി ജനറലുമായും പ്രവർത്തിച്ചിട്ടുണ്ട്.


