
ക്ഷേത്രങ്ങളിലെ ഷര്‍ട്ടൂരല്‍: മുഖ്യമന്ത്രിയേയും ശിവഗിരി മഠത്തിനേയും വിമര്‍ശിച്ച് എന്‍ എസ് എസ്
ക്ഷേത്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ഷര്‍ട്ടൂരുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
സച്ചിദാനന്ദ സ്വാമിയുടെ പ്രസ്താവനയെ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും നമ്മുടെ നാട്ടില്‍ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ടെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഹിന്ദുവിന്റെ പുറത്ത് മാത്രമേ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉള്ളൂയെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരുടെ ആചാരണങ്ങള്‍ ഉണ്ട്. അതിനെ വിമര്‍ശിക്കാന്‍ ഇവിടത്തെ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരി പ്രവേശിക്കുന്നത് അവസാനിപ്പിക്കണമെന്ന പ്രസ്താവനയെ മുഖ്യമന്ത്രി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. ഓരോ ക്ഷേത്രങ്ങളുടേയും ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. എന്‍ എസ് എസിന്റെ അഭിപ്രായം അതാണ്. ഉടുപ്പിടാത്ത ക്ഷേത്രങ്ങള്‍ അങ്ങനെ തന്നെ പോകണം. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍, പിടിവാശി അംഗീകരിക്കാനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.