
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഏറ്
സുപ്രീം കോടതിയിൽ തിങ്കളാഴ്ച വാദം കേൾക്കുന്നതിനിടെ ഒരു അഭിഭാഷകൻ എന്ന് സംശയിക്കുന്ന വ്യക്തി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചു. നാടകീയമായ ഈ സംഭവം നടന്ന ഉടനെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടി പുറത്തേക്ക് കൊണ്ട് പോയി. കോടതി മുറിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, "സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല" എന്ന് അയാൾ അലറി പറയുണ്ടായിരുന്നു. അതേസമയം ചീഫ് ജസ്റ്റിസ് ഗവായ് അക്ഷോഭ്യനായി നടപടികൾ തുടർന്നു. "ഇതെല്ലാം കണ്ട് ശ്രദ്ധ തിരിക്കരുത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ല. വാദം കേൾക്കൽ തുടരുക" അദ്ദേഹം അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയിലെ അഭിഭാഷകർക്കും, ക്ലാർക്കുമാർക്കും നൽകുന്ന ഒരു പ്രോക്‌സിമിറ്റി കാർഡ് ഷൂ എറിഞ്ഞയാളുടെ കൈവശമുണ്ടായിരുന്നതായി വിവരം ലഭിച്ചു. കിഷോർ രാകേഷ് എന്ന പേരാണ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ ലക്ഷ്യം വച്ചതിന് പിന്നിലെ ഉദ്ദേശ്യം അജ്ഞാതമാണ്. കൂടുതൽ വിവരങ്ങൾക്കായി സുരക്ഷാ ഏജൻസികൾ അയാളെ ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് മുതിർന്ന നിയമജ്ഞ ഇന്ദിര ജെയ്‌സിംഗ് പറഞ്ഞു. "അഭിഭാഷകന്റെ പേര് വെളിപ്പെടുത്തുകയും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും വേണം. ഇത് സുപ്രീം കോടതിക്കെതിരായ നഗ്നമായ ജാതീയ ആക്രമണമാണെന്ന് തോന്നുന്നു. പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങൾ കോടതി അനുവദിക്കില്ലെന്ന് സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും ഐക്യത്തോടെ പത്രക്കുറിപ്പ് ഇറക്കി ഇതിനെ അപലപിക്കണം. കോടതിയുടെ അന്തസ്സിന് അനുയോജ്യമായ രീതിയിൽ, ചീഫ് ജസ്റ്റിസ് ഗവായ് പ്രത്യക്ഷമായ ഒരു അസ്വസ്ഥതയുമില്ലാതെ ജുഡീഷ്യൽ ജോലി ചെയ്തു," അവർ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.


