
റഷ്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ വെടിവയ്പ്; പതിനഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടു
റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പില്‍ പോലീസുദ്യോഗസ്ഥരും പുരോഹിതനും ഉള്‍പ്പെടെ പതിനഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ ആയുധവുമായി വന്നവര്‍ ആക്രമണം നടത്തുകയായിരുന്നു.
ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ആഘോഷദിനമായ പെന്തകോസ്ത് ദിനത്തില്‍ ഡാഗെസ്ഥാനിലെ ഡെര്‍ബെന്റ്, മഖച്കല നഗരങ്ങളിലായിരുന്നു തീവ്രവാദി ആക്രമണം നടന്നത്. സംഭവത്തില്‍ റഷ്യന്‍ അന്വേഷണ സമിതിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന നാല് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റഷ്യയിലെ ഏറ്റവും ദരിദ്രമായ മേഖലകളില്‍ ഒന്നാണ് ഡാഗെസ്ഥാന്‍. മുസ്ലീം നോര്‍ത്ത് കോക്കസസ് മേഖലയിലെ പുരാതന ജൂത സമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബെന്റിലാണ് സിനഗോഗും പള്ളിയും സ്ഥിതിചെയ്യുന്നത്. ഒരു ജൂതപ്പള്ളിയും അക്രമികള്‍ തീയിട്ട് നശിപ്പിച്ചിട്ടുള്ളതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം നടന്നത്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. ആക്രമണത്തില്‍ പരിശോധന നടത്തി ഭീകരരുടെ ഉറവിടത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും റഷ്യന്‍ അന്വേഷണ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ റഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയും 133 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ മാര്‍ച്ചില്‍ തന്നെ മഖച്കലയില്‍ നാല് ആയുധധാരികളെ പോലീസ് വധിച്ചിരുന്നതായി ഡാഗെസ്താന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.