യുഎസിൽ സാക്രമെന്റോ ഗുരുദ്വാരയിൽ വെടിവെയ്പ്പ്; 2 പേർക്ക് പരിക്ക്
കാലിഫോർണിയയിലെ സാക്രമെന്റ്രോ കൗണ്ടിയിലെ ഗുരുദ്വാരയിൽ രണ്ട് പേർക്ക് വെടിയേറ്റു. സാക്രമെന്റോ ഗുരുദ്വാര സിഖ് സൊസൈറ്റി ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് (പ്രാദേശിക സമയം) വെടിവെയ്പ്പുണ്ടായതെന്ന് കൗണ്ടി ഷെരീഫ് ഓഫീസർ അറിയിച്ചു.
വെടിവെയ്പ്പുണ്ടായിരിക്കുന്നത് വിദ്വേഷ കുറ്റകൃത്യവുമായി ബന്ധമില്ലെന്നും പരസ്പരം അറിയാവുന്ന രണ്ട് പേർ തമ്മിലുണ്ടായതാണെന്നും അധികൃതർ വ്യക്തമാക്കി.
വെടിവെയ്പ്പിലേയ്ക്ക് നീങ്ങിയ ഏറ്റുമുട്ടലിൽ മൂന്നു പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് പ്രാഥമിക നിഗമനം. വെടിയുതിർത്തവരെ കൂടാതെ അവരുടെ സുഹൃത്തായ മറ്റൊരാളും സമീപപ്രദേശങ്ങളിൽ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. മാത്രമല്ല, മറ്റെന്തോ കാരണം മൂലമാണ് വെടിവെയ്പ്പുണ്ടായതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഓഫീസർ അമർ ഗാന്ധി വെളിപ്പെടുത്തി.
യുഎസിൽ സ്ഥിരമായിക്കൊണ്ടിരിക്കുന്ന വെടിവെയ്പ്പിനെ നിയന്ത്രിക്കുന്നതിൽ ഗവൺമെന്റ് പരിശ്രമിക്കുകയാണെന്നും ചില തീരുമാനങ്ങൾ എടുക്കുന്നതായും യു എസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ ഒരു പൊതു പ്രസംഗത്തിൽ പറഞ്ഞു. ഒബാമ ഭരണകാലത്ത് കൊണ്ടുവന്നിരുന്ന നിയമങ്ങളെക്കാൾ ശക്തമായ നിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ജോ ബൈഡൻ.
ആദ്യ ഘട്ടമെന്നോണം, 'സേഫർ കമ്മ്യൂണിറ്റിസ് ആക്റ്റ്' എന്ന നിയമം കഴിഞ്ഞ വർഷം പ്രാബല്യത്തിലാക്കിയെങ്കിലും തോക്കുപയോഗം പൂർണമായി നിരോധിക്കുന്നതിനുള്ള ഫലപ്രാപ്തിയിലെത്തിയില്ല. നിയമം ഒപ്പുവെച്ചതിനു ശേഷം തന്നെ രാജ്യവ്യാപകമായി 11 വെടിവെയ്പ്പുകളുണ്ടായതായി അസോസിയേറ്റഡ് പ്രസ് ഡാറ്റാ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ജനങ്ങളിലെ തോക്ക് ഉപയോഗവും അക്രമവും കൂടുന്നതായാണ് ഡാറ്റാ ഫലങ്ങൾ നല്കുന്ന സൂചനകൾ.