PHOTO | WIKI COMMONS
കാനഡയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജന്‍
കാനഡയിലെ തെക്കന്‍ എഡ്മന്റനില്‍ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഡ്മന്റണ്‍ ആസ്ഥാനമായുള്ള ഗില്‍ ബില്‍റ്റ് ഹോംസിന്റെ ഉടമ ബൂട്ട സിംഗ് ഗില്‍ എന്ന ഇന്ത്യന്‍ വംശജനാണ് കൊല്ലപ്പെട്ടത്. കവാനി ബോളിവാര്‍ഡ് സൗത്ത് വെസ്റ്റ്, ചെര്‍നിയാക് വേ സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. രണ്ട് പേരുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എഡ്മന്റ് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പൊലീസ് പുറത്തുവിട്ട വിവരം അനുസരിച്ച് ഏപ്രില്‍ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ മൂന്ന് പേരെ പരുക്കേറ്റ നിലയില്‍ കാണുകയായിരുന്നു. അതില്‍ രണ്ട് പേര്‍ മരിച്ചതായും ഒരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളെ ആരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം തുടരുന്നതിനാല്‍ പ്രദേശത്തെ ആളുകളോട് താല്‍ക്കാലികമായി ഒഴിഞ്ഞുമാറാന്‍ പൊലീസ് ആവശ്യപ്പെട്ടു. പൊതുസുരക്ഷയെക്കുറിച്ച് നിലവില്‍ കടുത്ത ആശങ്കകളൊന്നുമില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.