
ശുഭാംഷു ശുക്ലയും കൂട്ടരും നാളെ ഭൂമിയിൽ മടങ്ങിയെത്തും
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ 18 ദിവസം ചിലവഴിച്ച വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംഷു ശുക്ലയും മൂന്നുസഹയാത്രികരും ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 4 മണിയോടെ ഐഎസ്എസിൽ നിന്ന് അൺലോക്ക് ചെയ്യും. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ക്രൂ പേടകം കാലിഫോർണിയ തീരത്ത് പസഫിക്ക് സമുദ്രത്തിൽ വന്നിറങ്ങും. ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യകാരനാണ് ശുഭാംഷു ശുക്ല.
കമാൻഡർ പെഗ്ഗി വിറ്റ്‌സൺ, യൂറോപ്യൻ ബഹിരാകാശ ഏജൻസി പ്രൊജക്റ്റ് ആസ്ട്രനോട്ട് സ്ലാവോസ് ഉസ്‌നാൻസ്കി-വിസ്‌നെവ്‌സ്‌കി, ഹംഗേറിയൻ ബഹിരാകാശയാത്രിക ടിബോർ കപു എന്നിവരാണ് മറ്റ് യാത്രികർ. 26 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രക്ക് ശേഷം ഭൂമിയിലെത്തുന്ന ഇവരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പുനരധിവാസത്തിന് കൊണ്ടുപോകും.
ആകാശത്ത് നിന്ന് നോക്കുമ്പോൾ ഇന്ത്യ ലോകത്തിൽവെച്ച് ഏറ്റവും സുന്ദരമായിരിക്കുന്നു എന്ന് ശുക്ല തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
സ്പേസ് എക്സ്, നാസ എന്നിവയുമായി സഹകരിച്ച് ആക്സിയം സ്പേസ് നടത്തുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. മെയ് 29ന് പുറപ്പെടാൻ തീരുമാനിച്ച ദൗത്യം സാങ്കേതിക തകരാർ മൂലം ജൂൺ 25നാണ് വിക്ഷേപിച്ചത്.


