
ശുഭാൻഷുവിന്റെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി
ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന ദൗത്യം വീണ്ടും മാറ്റി. ജൂൺ 22 ആണ് പുതിയ തീയതി. ജൂൺ 19 ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പല തവണയായി ദൗത്യം നീട്ടി വയ്ക്കുകയാണ്. ജൂൺ 11 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ദിവസം.
ഫാൽക്കൺ 9 റോക്കറ്റിലെ ദ്രാവക ഓക്സിജൻ ചോർച്ചയാണ് വിക്ഷേപണ തീയതി നീട്ടിവയ്ക്കുന്നതിനുള്ള ഒരു കാരണം. അതിന് പരിഹാരം കണ്ട ശേഷം ബഹിരാകാശ നിലയുവമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും ദൗത്യം നീട്ടിവയ്ക്കുന്നതിന് ഇടയാക്കി. ബഹിരാകാശ നിലയത്തിൽ നടത്തിയ അറ്റകുറ്റപ്പണികൾ പരിശോധിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്ന് നാസ പറഞ്ഞതിനെ തുടർന്നാണ് വിക്ഷേപണം വീണ്ടും നീട്ടി വച്ചത്.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ദൗത്യം പുറപ്പെടുക. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ആണ് ഇതിനായി ഉപയോഗിക്കുക. അമേരിക്കൻ കമ്പനികളായ ആക്സിയം സ്പേസ്, നാസ, സ്പേസ് എക്സ് എന്നിവരും ഐഎസ്ആർഒയും ചേർന്നാണ് ഈ ദൗത്യം നിറവേറ്റുക.


