സിദ്ധരാമയ്യ | PHOTO: PTI
കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ; ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ശനിയാഴ്ച
കർണാടകയുടെ മുഖ്യമന്ത്രിയായി കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യയെ തിരഞ്ഞെടുത്തു. ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ദിവസങ്ങളോളം നീണ്ട ചർച്ചകൾക്കും സന്ദേഹങ്ങൾക്കുമൊടുവിലാണ് തീരുമാനമായത്. സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനം ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം. ആദ്യ രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന് കൈമാറണം എന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചെങ്കിലും ഇതു സംബന്ധിച്ച തീരുമാനം വ്യക്തമല്ല.
കർണാടകയുടെ ജനകീയ മുഖം; കെ സിദ്ധരാമയ്യ
സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാനും തന്റെ അധികാര മോഹങ്ങൾ തുറന്ന് പ്രകടിപ്പിക്കാനും മടിയില്ലാത്ത നേതാവാണ് കെ സിദ്ധരാമയ്യ. ബിജെപി നേതാക്കൾ അതിമോഹി എന്നു പറഞ്ഞ് പരിഹസിച്ചപ്പോഴും താൻ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്നു ഒരു മടിയുമില്ലാതെ പറഞ്ഞിരുന്ന പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ.
കർണാടക പിടിക്കാൻ ഇത്തവണ കോൺഗ്രസ് തുറുപ്പു ചീട്ടാക്കിയതും സിദ്ധരാമയ്യയെ തന്നെയാണ്. 224 സീറ്റുകളിൽ 135 ഇടത്തും കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രമുഖനാണ് സിദ്ധരാമയ്യ. പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ ഉയർത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് 75 കാരനായ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം കയ്യിലൊതുക്കിയത്.
മൈസൂർ ജില്ലയിലെ വരുണ ഹോബ്ലിയിലെ ഗ്രാമമായ സിദ്ധരാമനയിൽ സിദ്ധരാമ ഗൗഡയുടെയും ബൊറമയുടെയും മകനായി 1948 ആഗസ്റ്റ് 12 നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിഎസ്‌സിയും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി.
1977 ൽ ലോ കോളേജിലെ പഠനത്തോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. നിയമബിരുദം കഴിഞ്ഞതോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി. 1983 ലെ തിരഞ്ഞെടുപ്പിൽ ഭാരതീയ ലോക്ദൾ ടിക്കറ്റിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽനിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. ആദ്യ വിജയത്തോടെ മൈസൂരു മേഖലയിൽ അറിയപ്പെടുന്ന ജനപ്രതിനിധിയായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. 1984ൽ ഭാരതീയ ലോക്ദൾ വിട്ട് കർണാടക ഭരിച്ചിരുന്ന ജനതാ പാർട്ടിയിൽ ചേർന്നു. 1985 ൽ വീണ്ടും നിയമസഭയിലേയ്ക്ക് ജയിച്ച സിദ്ധരാമയ്യക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പദം ലഭിച്ചു. തുടർന്നും രാമകൃഷ്ണ ഹെഗ്‌ഡെ മന്ത്രി സഭയിൽ വിവിധ സമയങ്ങളിലായി ഗതാഗതം, സെറികൾച്ചർ ഉൾപ്പെടെയുള്ള വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. രണ്ടുതവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജനതാപാർട്ടിയിലെ 1988 ലെ പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989 ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷമായിരുന്നു സിദ്ധരാമയ്യ തോൽവിയുടെ കൈപ്പറിഞ്ഞത്. പിന്നീട് 1994 ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999 ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ അധ്യക്ഷനായ ജെഡിഎസിൽ ചേർന്നു.
1999 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെഡിഎസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ 2004ലെ മത്സരത്തിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെഡിഎസ് വിട്ടു.
ശേഷം കോൺഗ്രസിൽ
കോൺഗ്രസ് തട്ടകത്തിലെത്തിയതിനു ശേഷമായിരുന്നു പിൽക്കാല രാഷ്ട്രീയ ജീവിതം. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005 ൽ കോൺഗ്രസ്സിൽ തന്റെ പാർട്ടിയെ ലയിപ്പിച്ചു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ ഇടയിൽ മികച്ച ജനപിന്തുണയുള്ള സിദ്ധരാമയ്യയെ കൂടെക്കൂട്ടാൻ കോൺഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
2006 ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. 2008, 2013 വർഷങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018 ൽ വരുണ മണ്ഡലം മകൻ യതീന്ദ്രയ്ക്കു കൈമാറി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടെങ്കിലും ബദാമിയിൽ നിന്ന് വിജയം സ്വന്തമാക്കി.
2013 ലെ വിജയത്തിൽ സിദ്ധരാമയ്യയെ തേടിയെത്തിയത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി പല നേതാക്കളും മോഹം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് എംഎൽഎമാരുടെ മനസ്സ് സ്വന്തമാക്കി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. അഞ്ചു വർഷം തുടർച്ചയായി ഭരിച്ച സിദ്ധരാമയ്യ, കഴിഞ്ഞ 45 വർഷത്തെ ചരിത്രത്തിനിടെ കാലാവധി പൂർത്തിയാക്കിയ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡും സ്വന്തമാക്കി. 2018 ൽ തന്റെ 13-ാംമത് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചും സിദ്ധരാമയ്യ റെക്കോഡിട്ടു.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരുന്ന കുറുബ സമുദായത്തിൽപ്പെട്ടയാളാണ് സിദ്ധരാമയ്യ. പിന്നാക്ക ജാതികളുടെയും മുസ്ലീംങ്ങളുടെയും ദലിതരുടെയും താത്പര്യങ്ങൾ ഏകീകരിക്കാനുള്ള ശേഷിയാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. രാഷ്ട്രീയ ജീവിതത്തിലുടനീളം ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ദലിതുകൾക്കും വേണ്ടി ശബ്ദമുയർത്തുവാനും അവരെ ഏകോപിപ്പിക്കാനും സിദ്ധരാമയ്യക്കു കഴിഞ്ഞു. സംസ്ഥാന കോൺഗ്രസിലെ മാത്രമല്ല, കർണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായ സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറുകയാണ്.
ഉപമുഖ്യമന്ത്രി പദത്തിലെത്തി ഡി.കെ
നിലപാടുകൾ കൊണ്ടും ഇടപെടലുകൾ കൊണ്ടും കർണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാവാണ് ഡി. കെ ശിവകുമാർ. 1980 കളുടെ തുടക്കത്തിൽ വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഡികെ ശിവകുമാർ തന്റെ പ്രവർത്തനങ്ങളിലൂടെ ക്രമേണ കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ സ്ഥാനത്തേക്ക് ഉയർന്നുവരികയായിരുന്നു. 1985ൽ അന്നത്തെ മുതിർന്ന നേതാവായിരുന്ന എച്ച്ഡി ദേവഗൗഡയോട് മൈസൂരുവിലെ സത്തനൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ശിവകുമാർ 15,000ത്തോളം വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തെ ഏറെ സഹായിച്ചു. മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയെക്കൂടാതെ വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള യുവ നേതാവെന്ന പരിഗണനയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറെ ഗുണം ചെയ്തു.
പിന്നീട് 1989-ൽ മൈസൂരു ജില്ലയിലെ സത്തനൂർ മണ്ഡലത്തിൽ നിന്ന് കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് അദ്ദേഹം വിജയയാത്ര തുടങ്ങി. അന്ന് 27 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹം കോൺഗ്രസ് ടിക്കറ്റിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 1999ൽ ദേവഗൗഡയുടെ മകൻ എച്ച്ഡി കുമാരസ്വാമിയെ സത്തനൂർ നിയമസഭാ സീറ്റിലേക്കുള്ള മത്സരത്തിൽ ശിവകുമാർ പരാജയപ്പെടുത്തിയതും 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനക്പുര മണ്ഡലത്തിൽ ദേവഗൗഡയെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥി തേജസ്വിനിയെ സഹായിച്ചതും ഡി കെ ശിവകുമാറിനെ പാർട്ടിയുടെ വിശ്വസ്തനാക്കി മാറ്റി. തുടർന്ന് എസ്എം കൃഷ്ണ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായി ചുമതലയേറ്റു.
തുടർന്ന് പാർട്ടിയെ നയിക്കുന്ന വീരനായകനായാണ് കോൺഗ്രസുകാർക്ക് ഡി. കെ അറിയപ്പെട്ടിരുന്നത്. പാർട്ടിയുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെ നിന്ന് സഹായിച്ച നേതാവ്. 2008, 2013, 2018 വർഷങ്ങളിൽ നടന്ന മൂന്ന് കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഡി കെ ശിവകുമാർ കനക്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി തവണ കർണാടക സർക്കാരിലും മന്ത്രിയായിട്ടുണ്ട്. 2019ൽ കോൺഗ്രസിന്റെ എംഎൽഎമാരെ തങ്ങളുടെ വശത്താക്കി ബിജെപി സർക്കാർ രൂപീകരിച്ച നീക്കത്തെ തടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചെങ്കിലും തടയാനായില്ല. പിന്നീട് 2020 ജൂലൈ 2 ന് ദിനേശ് ഗുണ്ടു റാവുവിന്റെ പിൻഗാമിയായി ഡികെ ശിവകുമാർ പിസിസി പ്രസിഡന്റായി ചുമതലയേറ്റു. നഷ്ടപ്പെട്ട ഭരണം തിരികെപ്പിടിക്കാൻ അന്നുമുതൽ പദ്ധതികൾ കണക്കുകൂട്ടുകയായിരുന്നു ഡി കെ. പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും വിശ്വസ്തൻ കൂടിയാണ് അദ്ദേഹം.
കർണാടക കോൺഗ്രസിലെ പ്രമുഖ നേതാക്കളായ ഇരുവരെയും പിണക്കാതെ തീരുമാനമെടുക്കുക എന്ന വെല്ലുവിളിയാണ് ഹൈക്കമാൻഡ് ഇപ്പോൾ നീണ്ട ചർച്ചകളിലൂടെയും സമവായങ്ങളിലൂടെയും നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ, സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകളും ഇരുപക്ഷത്തിന്റെയും സമ്മതത്തോടെ നടത്തുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.