സിദ്ധരാമയ്യ | PHOTO: PTI
സിദ്ധരാമയ്യയെ അയോഗ്യനാക്കണം: നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചു. വോട്ടര്‍മാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ് വരുണ നിയോജക മണ്ഡലത്തില്‍ നിന്നും സിദ്ധരാമയ്യ വിജയിച്ചതെന്നാണ് പരാതി. വരുണ സ്വദേശി കെഎം ശങ്കറാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പരാതി നല്‍കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. കൈക്കൂലി വാഗ്ദാനം ചെയ്യുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും ഇത് ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിദ്ധരാമയ്യയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി സെപ്തംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. അതിനുമുമ്പായി കേസില്‍ തന്റെ നിലപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യയ്ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കര്‍ണാടകയുടെ ജനകീയ മുഖം
സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാനും തന്റെ അധികാര മോഹങ്ങള്‍ തുറന്ന് പ്രകടിപ്പിക്കാനും മടിയില്ലാത്ത നേതാവാണ് കെ സിദ്ധരാമയ്യ. ബിജെപി നേതാക്കള്‍ അതിമോഹി എന്നു പറഞ്ഞ് പരിഹസിച്ചപ്പോഴും താന്‍ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നു ഒരു മടിയുമില്ലാതെ പറഞ്ഞിരുന്ന പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ. 224 സീറ്റുകളില്‍ 135 ഇടത്തും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രമുഖനാണ് സിദ്ധരാമയ്യ. പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് 75 കാരനായ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം കയ്യിലൊതുക്കിയത്.
മൈസൂര്‍ ജില്ലയിലെ വരുണ ഹോബ്ലിയിലെ ഗ്രാമമായ സിദ്ധരാമനയില്‍ സിദ്ധരാമ ഗൗഡയുടെയും ബൊറമയുടെയും മകനായി 1948 ആഗസ്റ്റ് 12 നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൈസൂരിലെ യുവരാജ കോളേജില്‍ നിന്ന് ബിഎസ്സിയും ശാരദവിലാസ് കോളേജില്‍ നിന്ന് നിയമബിരുദവും നേടി. 1977 ല്‍ ലോ കോളേജിലെ പഠനത്തോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. നിയമബിരുദം കഴിഞ്ഞതോടെ അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി. 1983 ലെ തിരഞ്ഞെടുപ്പില്‍ ഭാരതീയ ലോക്ദള്‍ ടിക്കറ്റില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. ആദ്യ വിജയത്തോടെ മൈസൂരു മേഖലയില്‍ അറിയപ്പെടുന്ന ജനപ്രതിനിധിയായി മാറാന്‍ അദ്ദേഹത്തിന് സാധിച്ചു. 1984ല്‍ ഭാരതീയ ലോക്ദള്‍ വിട്ട് കര്‍ണാടക ഭരിച്ചിരുന്ന ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1985 ല്‍ വീണ്ടും നിയമസഭയിലേയ്ക്ക് ജയിച്ച സിദ്ധരാമയ്യയ്ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പദം ലഭിച്ചു. തുടര്‍ന്നും രാമകൃഷ്ണ ഹെഗ്ഡെ മന്ത്രി സഭയില്‍ വിവിധ സമയങ്ങളിലായി ഗതാഗതം, സെറികള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തു. രണ്ടുതവണ കര്‍ണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനതാപാര്‍ട്ടിയിലെ 1988 ലെ പിളര്‍പ്പിനെ തുടര്‍ന്ന് ജനതാദള്‍ ടിക്കറ്റില്‍ 1989 ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷമായിരുന്നു സിദ്ധരാമയ്യ തോല്‍വിയുടെ കൈപ്പറിഞ്ഞത്. പിന്നീട് 1994 ല്‍ വീണ്ടും ജനതാദള്‍ ടിക്കറ്റില്‍ നിയമസഭാംഗമായെങ്കിലും 1999 ല്‍ പിളര്‍പ്പുണ്ടായതോടെ ജനതാദള്‍ വിട്ട് ദേവഗൗഡ അധ്യക്ഷനായ ജെഡിഎസില്‍ ചേര്‍ന്നു.
1999 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജെഡിഎസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2004ലെ മത്സരത്തില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ച് ജെഡിഎസ് വിട്ടു.
ശേഷം കോണ്‍ഗ്രസില്‍
കോണ്‍ഗ്രസ് തട്ടകത്തിലെത്തിയതിനു ശേഷമായിരുന്നു സിദ്ധരാമയ്യയുടെ പില്‍ക്കാല രാഷ്ട്രീയ ജീവിതം. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005 ല്‍ കോണ്‍ഗ്രസ്സില്‍ തന്റെ പാര്‍ട്ടിയെ ലയിപ്പിച്ചു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരുടെ ഇടയില്‍ മികച്ച ജനപിന്തുണയുള്ള സിദ്ധരാമയ്യയെ കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
2006 ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി നിയമസഭാംഗമായി. 2008, 2013 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വരുണ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018 ല്‍ വരുണ മണ്ഡലം മകന്‍ യതീന്ദ്രയ്ക്കു കൈമാറി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയില്‍ നിന്നും ബദാമിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടെങ്കിലും ബദാമിയില്‍ നിന്ന് വിജയം സ്വന്തമാക്കി.
2013 ലെ വിജയത്തില്‍ സിദ്ധരാമയ്യയെ തേടിയെത്തിയത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി പല നേതാക്കളും മോഹം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാരുടെ മനസ്സ് സ്വന്തമാക്കി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. അഞ്ചു വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സിദ്ധരാമയ്യ, കഴിഞ്ഞ 45 വര്‍ഷത്തെ ചരിത്രത്തിനിടെ കാലാവധി പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2018 ല്‍ തന്റെ 13-ാംമത് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചും സിദ്ധരാമയ്യ റെക്കോഡിട്ടു.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരുന്ന കുറുബ സമുദായത്തില്‍പ്പെട്ടയാളാണ് സിദ്ധരാമയ്യ. പിന്നാക്ക ജാതികളുടെയും മുസ്ലീംങ്ങളുടെയും ദലിതരുടെയും താത്പര്യങ്ങള്‍ ഏകീകരിക്കാനുള്ള ശേഷിയാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. രാഷ്ട്രീയ ജീവിതത്തിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ദലിതുകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുവാനും അവരെ ഏകോപിപ്പിക്കാനും സിദ്ധരാമയ്യയ്ക്കു കഴിഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിലെ മാത്രമല്ല, കര്‍ണാടക രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും ശക്തനായ നേതാക്കളില്‍ ഒരാളാണ് സിദ്ധരാമയ്യ.