കെ സിദ്ധരാമയ്യ | Photo: PTI
ഒളിമറയില്ലാത്ത പോരാളി; നിലപാടുകളിലെ വ്യത്യസ്തന്‍
അഭിപ്രായങ്ങള്‍ തുറന്നു പറയുവാനും ആഗ്രഹങ്ങള്‍ മൂടിവയ്ക്കാനും അറിയാത്ത നേതാവാണ് കെ സിദ്ധരാമയ്യ. കഴിഞ്ഞ സര്‍ക്കാരിലെ ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ അതിമോഹി എന്നു പറഞ്ഞ് പരിഹസിച്ചപ്പോഴും പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ, ഒരു ദിവസം താന്‍ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നു യാതൊരു മടിയുമില്ലാതെ പറഞ്ഞു.
കര്‍ണാടക പിടിക്കാന്‍ ഇത്തവണ വരുണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് തുറുപ്പു ചീട്ടാക്കിയതും സിദ്ധരാമയ്യയെ തന്നെയാണ്. 224 സീറ്റുകളില്‍ 135 ഇടത്തും കോണ്‍സിന് ഭൂരിപക്ഷം കിട്ടിയതോടെ പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പ്രമുഖനാണ് സിദ്ധരാമയ്യ.
കര്‍ണാടകയിലെ മൈസൂര്‍ ജില്ലയിലെ വരുണ ഹോബ്ലിയിലെ വിദൂര ഗ്രാമമായ സിദ്ധരാമനയില്‍ സിദ്ധരാമ ഗൗഡയുടെയും ബൊറമയുടെയും മകനായി 1948 ആഗസ്റ്റ് 12 നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മൈസൂരിലെ യുവരാജ കോളേജില്‍ നിന്ന് ബിഎസ്‌സിയും ശാരദവിലാസ് കോളേജില്‍ നിന്ന് നിയമബിരുദവും നേടി.
രാഷ്ട്രീയ ജീവിതം
1977 ല്‍ ലോ കോളേജില്‍ ചേര്‍ന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദള്‍ ടിക്കറ്റില്‍ 1983 ലെ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984 ല്‍ ലോക്ദള്‍ വിട്ട് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1985 ല്‍ വീണ്ടും നിയമസഭയില്‍ അംഗമായ സിദ്ധരാമയ്യ 1988 ലെ ജനതാപാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് ജനതാദള്‍ ടിക്കറ്റില്‍ 1989 ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1994 ല്‍ വീണ്ടും ജനതാദള്‍ ടിക്കറ്റില്‍ നിയമസഭാംഗമായെങ്കിലും 1999 ല്‍ പിളര്‍പ്പുണ്ടായതോടെ ജനതാദള്‍ വിട്ട് ദേവഗൗഡ നേതാവായ ജെഡിഎസില്‍ ചേര്‍ന്നു. 1999 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജെഡിഎസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. 2004 ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005 ല്‍ ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ച് ജെഡിഎസ് വിട്ട് സമാന്തര പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്റെ പാര്‍ട്ടി ലയിപ്പിച്ചു.
2006 ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യമായി നിയമസഭാംഗമായി. 2008, 2013 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വരുണ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018 ല്‍ വരുണ മണ്ഡലം മകന്‍ യതീന്ദ്രയ്ക്കു കൈമാറി. 2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയില്‍ നിന്നും ബദാമിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടെങ്കിലും ബദാമിയില്‍ നിന്ന് വിജയിച്ചു. 1994 ല്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായ സിദ്ധരാമയ്യ മൃഗക്ഷേമ, ഗതാഗത, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
2013 മുതല്‍ 2018 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായ കെ.സിദ്ധരാമയ്യ. 2019 മുതല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായും തുടര്‍ന്നു. രണ്ടുതവണ കര്‍ണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം വരുന്ന കുറുബ സമുദായത്തില്‍പ്പെട്ടയാളാണ് സിദ്ധരാമയ്യ. പിന്നാക്ക ജാതികളുടെയും മുസ്ലീംങ്ങളുടെയും ദലിതരുടെയും താത്പര്യങ്ങള്‍ ഏകീകരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. കര്‍ണാടകയിലെ രാഷ്ട്രീയ ജീവിതത്തിലുടനീളം ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ദലിതുകള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുവാനും അവരെ ഏകോപിപ്പിക്കാനും സിദ്ധരാമയ്യക്കു കഴിഞ്ഞു.
ഒരു ഡോക്ടറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, അഭിഭാഷകനാകാനാണ് അദ്ദേഹം തീരുമാനിച്ചത്. ആ തീരുമാനം അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ എത്തിച്ചു. 2018 ല്‍ തന്റെ 13-ാംമത് സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് സിദ്ധരാമയ്യ റെക്കോഡിട്ടു. 2010 ല്‍ ബംഗലൂരു മുതല്‍ ബെല്ലാരി വരെ 320 കി.മീ പദയാത്ര (ബെല്ലാരി ചലോ) നടത്തി. കര്‍ണാടക രാഷ്ട്രീയത്തിലെ പ്രധാന സംഭവമായിരുന്നു അത്. നിയമാനുസൃതമല്ലാത്ത ഖനനത്തിലും അഴിമതിയിലും ഭരണത്തിലിരിക്കുന്ന ബിജെപിയെ ലക്ഷ്യംവച്ചായിരുന്നു പദയാത്ര നടത്തിയത്.
കാലങ്ങളായി കോണ്‍ഗ്രസ് ആഭിമുഖ്യം പ്രകടിപ്പിച്ച മണ്ഡലമാണ് മൈസൂര്‍ ജില്ലയിലെ വരുണ. സിദ്ധരാമയ്യ നേരത്തെ രണ്ടുതവണ ഈ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുണ്ട്. കോലാറില്‍ മത്സരിക്കാന്‍ സിദ്ധരാമയ്യ ആഗ്രഹിച്ചിരുന്നെങ്കിലും പരാജയ സാധ്യത മുന്നില്‍ കണ്ട് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുകയായിരുന്നു. മന്ത്രി സോമണ്ണയാണ് സിദ്ധരാമയ്യയെ നേരിട്ട ബിജെപി സ്ഥാനാര്‍ത്ഥി. വരുണയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു 'ഇത് എന്റെ അവസാന തിരഞ്ഞെടുപ്പായതിനാല്‍ ഞാന്‍ ഇവിടെ നിന്ന് മത്സരിക്കുന്നു. രാഷ്ട്രീയത്തില്‍ തന്നെ തുടരുമെങ്കിലും ഞാന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും' പറഞ്ഞു.
ബീഫ് നിരോധന വിവാദത്തിലും സിദ്ധരാമയ്യയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമായിരുന്നു. ''ഞാനൊരു ഹിന്ദുവാണ്. ഞാന്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, പക്ഷേ, എനിക്ക് വേണമെങ്കില്‍ ഞാന്‍ കഴിക്കും. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണ്?'' എന്നായിരുന്നു ബീഫ് നിരോധന വിവാദത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ''ബീഫ് കഴിക്കുന്നവര്‍ ഒരു സമുദായത്തില്‍പ്പെട്ടവരല്ല, ഹിന്ദുക്കള്‍ പോലും ബീഫ് കഴിക്കുന്നു, ക്രിസ്ത്യാനികളും അത് കഴിക്കുന്നു. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും നേടിക്കൊടുത്തു.