ജെ.എസ് സിദ്ധാര്‍ഥന്‍ | PHOTO: WIKI COMMONS
സിദ്ധാര്‍ഥിന്റെ മരണം: പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടി
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ നടപടി. ഒളിവിലുള്ള പ്രതികളായ സൗദ് റിസാല്‍, കാശിനാഥന്‍ ആര്‍ എസ്, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കെതിരെ വയനാട് ജില്ലാ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആകെ 18 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ഏഴ് പേര്‍ ഒളിവിലുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതോടൊപ്പം 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 പേര്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്.
മര്‍ദനവിവരം അറിഞ്ഞത് വൈകിയെന്ന് അധികൃതര്‍
ജെ.എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ നിലപാടിലുള്ള ദുരൂഹത തുടരുകയാണ്. വിദ്യാര്‍ത്ഥി 4 ദിവസത്തോളം നീണ്ട ക്രൂരമര്‍ദനത്തിനും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായിട്ടും വിവരമറിഞ്ഞത് ആറുദിവസം കഴിഞ്ഞാണെന്നാണ് അധികൃതര്‍ പറയുന്നത്. ഫെബ്രുവരി 16 ന് രാത്രിയിലാണ് സിദ്ധാര്‍ഥനെ പ്രതികള്‍ മര്‍ദിക്കുന്നത്. അവശനായി ഒരു ദിവസം മുഴുവന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയെ 18 നാണ് ഹോസ്റ്റല്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ 22 ാം തീയതി പരാതി ലഭിച്ച ശേഷമാണ് വിവരം അറിയുന്നതെന്നാണ് കോളേജ് അധികൃതരുടെ മൊഴി. 16 നും 17 നും കോളേജില്‍ സ്പോര്‍ട്സ് ഡേ ആയതിനാലാണ് മര്‍ദന വിവരം അറിയാതെപോയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
വിദ്യാര്‍ത്ഥിയുടെ മരണം പുറത്തുവന്നതിന് പിന്നാലെ മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തെങ്കിലും മര്‍ദന വിവരം ആരും പുറത്തുപറഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേരെ ചോദ്യം ചെയ്ത ശേഷമാണ് സംഭവത്തിന്റെ വിശദവിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വിചാരണ നേരിട്ടത് ഷട്ടില്‍ കോര്‍ട്ടില്‍
വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി കെട്ടിയിട്ട് ആള്‍ക്കൂട്ട വിചാരണ നടത്തിയത് ഹോസ്റ്റലിനുള്ളിലെ ഷട്ടില്‍ കോര്‍ട്ടിലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഹോസ്റ്റല്‍ നടുമുറ്റത്തെ ഷട്ടില്‍ കോര്‍ട്ടില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ വിചാരണ നേരിട്ട വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മുന്ന് ദിവസം ഭക്ഷണം പോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിക്കുകയായിരുന്നു. മര്‍ദന വിവരം പുറത്തുപറയരുതെന്നും വിദ്യാര്‍ത്ഥിക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. വാലന്റൈന്‍സ് ഡേ ആഘോഷത്തിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ക്രൂരമര്‍ദനത്തിന്റെ കാരണമായി പറയുന്നത്. സിദ്ധാര്‍ഥന്‍ മരിച്ച ദിവസം പെണ്‍കുട്ടിയുടെ പേരില്‍ കോളേജില്‍ പരാതിയെത്തിയതില്‍ ദുരൂഹത ഉയരുന്നുമുണ്ട്.
പ്രതികള്‍ അറസ്റ്റില്‍
സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തി സംഭവത്തില്‍ ആറ് പേരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. എസ്എഫ്ഐ യൂണിറ്റ് അംഗം എസ്. അഭിഷേക്, രെഹാന്‍ ബിനോയ്, എസ്.ഗി ആകാശ്, ആര്‍.ഡി ശ്രീഹരി, ഡോണ്‍സ് ഡായ്, ബില്‍ഗേറ്റ്സ് ജോഷ്വ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍ നിന്ന് എട്ട് പേരെയായിരുന്നു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ അരുണ്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍ എന്നിവര്‍ വ്യാഴാഴ്ച പൊലീസിന് കീഴടങ്ങിയിരുന്നു. മറ്റൊരു പ്രതി കെ അഖിലിനെ ബുധനാഴ്ച രാത്രി പാലക്കാട് നിന്നും പിടികൂടി.
കൊലപാതകമെന്ന് മാതാവ്
സിദ്ധാര്‍ഥന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. മകന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അമ്മ ഷീബ മുഖ്യമന്ത്രിക്കും എഡിജിപിക്കും പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ടതിന് രണ്ട് മണിക്കൂര്‍ മുന്‍പ് മകന്‍ തന്നോട് സംസാരിച്ചുവെന്നും ആത്മഹത്യ ചെയ്യുന്നതിന്റെ സൂചനകള്‍ ഉണ്ടായില്ലെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സിദ്ധാര്‍ഥ് ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഫെബ്രുവരി 26 ന് പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്. വടികൊണ്ട് അടിച്ചതിന്റെ പാടുകളും ശരീരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ കുരുക്ക് മുറുകിയ ഭാഗത്ത് അസാധാരണ മുറിവുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
അന്വേഷണത്തിനായി പ്രത്യേക സംഘം
വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ചുമതല. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വെറ്ററിനറി സര്‍വകലാശാല വി സിയോടും ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.