
ജാമ്യത്തിനായി സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്,തടസ്സഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് അതിജീവിത
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഡൽഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ച് വിധിപകര്‍പ്പും കൈമാറിയിട്ടുണ്ട്.
അതിജീവിത പരാതി നല്‍കാന്‍ വൈകിയതുള്‍പ്പെടെ സൂപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് നീക്കം. മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും.
തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയിലുണ്ടാകുമെന്നാണ് സൂചന. ജാമ്യാപേക്ഷ ഫയല്‍ചെയ്താല്‍ അത് വെള്ളിയാഴ്ചയോടെ ബെഞ്ചിന് മുന്നില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകര്‍. അതേസമയം തടസ്സഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അതിജീവിത.
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ നടന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇവിടെ രണ്ടിടത്തും നടന്‍ ഇല്ല. ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും എസ്‌ഐടി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.


