TMJ
searchnav-menu
post-thumbnail

TMJ Daily

പ്രളയത്തില്‍ ഒറ്റപ്പെട്ട് സിക്കിം: 14 മരണം; 100 ലധികം പേരെ കാണാതായി 

05 Oct 2023   |   2 min Read
TMJ News Desk

സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 14 ആയി. പ്രളയ ദുരന്തത്തില്‍ ഇതുവരെ 100 ലധികം പേരെ കാണാതായതായും റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3000 ത്തോളം വിനോദസഞ്ചാരികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വിബി പഥക് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രണ്ടുദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സിക്കിമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച രാത്രി 1.30 ഓടെയാണ് വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ടീസ്റ്റ നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. ഇതോടൊപ്പം ചങ്താങ് ഡാമിലെ വെള്ളം തുറന്നുവിട്ടതും ബര്‍ദാങില്‍ ജലനിരപ്പ് 20 അടിയോളം ഉയരാന്‍ കാരണമായെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേപ്പാള്‍ ഭൂകമ്പമോ ദുരന്തകാരണം?

പ്രളയത്തില്‍ പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായത്. ഇവരെ പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ടീസ്റ്റ നദി ഒഴുകുന്ന വടക്കന്‍ ബംഗാളിലെയും ബാംഗ്ലാദേശിലെയും ചില ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ ടീസ്റ്റാ നദീതടത്തില്‍ നിന്ന് പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 

പ്രളയത്തില്‍ നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചുപോയി. ലൊനാക് തടാകക്കരയിലെ സൈനിക ക്യാമ്പുകളാണ് പ്രധാനമായും അപകടത്തില്‍പ്പെട്ടത്. മിന്നല്‍ പ്രളയം മാങ്കന്‍, ഗാങ്‌ഗോക്ക്, പാക്കിയോങ്, നാംച്ചി ജില്ലകളെയാണ് ഗുരുതരമായി ബാധിച്ചത്.  ഒക്‌ടോബര്‍ എട്ടുവരെ ഇവിടുത്തെ വിദ്യാലയങ്ങള്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മെല്ലി, സിങ്തം, റോഹ്തക് എന്നീ റിവര്‍ സ്‌റ്റേഷനുകളിലെ ജലനിരപ്പ് നിലവില്‍ അപകടരേഖയ്ക്ക് അടുത്താണ്. മെല്ലി സ്‌റ്റേഷനില്‍ ജലനിരപ്പ് 214.63 മീറ്ററാണ്, ഇത് അപകടനിലയായ 224 മീറ്ററില്‍ താഴെയാണ്. സിങ്തം സ്‌റ്റേഷനിലെ അപകടനില 355.09 മീറ്ററാണെങ്കില്‍ നിലവിലെ ജലനിരപ്പ് 351.31 മീറ്ററാണ്. റോത്തക്ക് സ്‌റ്റേഷനില്‍ നിലവില്‍ 360.06 മീറ്ററാണ്, അപകടനില 364.98 മീറ്ററാണ് ജലനിരപ്പ്. 

ദുരന്തത്തില്‍ ഇതുവരെ 14 പാലങ്ങള്‍ തകര്‍ന്നതായും അതില്‍ ഒമ്പത് എണ്ണം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ കീഴിലാണെന്നും അഞ്ചെണ്ണം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണെന്നും സിക്കിം ചീഫ് സെക്രട്ടറി പറഞ്ഞു. സിക്കിമിനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും ഇടയിലുള്ള പ്രധാന പാതയായ നാഷണല്‍ ഹൈവേ 10 ന്റെ ചില ഭാഗങ്ങളും ഒലിച്ചുപോയി. ശക്തമായ മഴയും ഹിമപാളികള്‍ ഉരുകിയൊഴുകിയതുമാണ് ദുരന്ത കാരണമെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. നേപ്പാളിലെ ഭൂകമ്പവും ദുരന്ത കാരണമായതായി സംശയിക്കുന്നതായി കേന്ദ്ര ജലകമ്മീഷന്‍ പറഞ്ഞു.


#Daily
Leave a comment