പുതുപ്പള്ളിയില്‍ നിശ്ശബ്ദ പ്രചാരണം; വോട്ടര്‍മാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥികള്‍
അഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷം പുതിയ പകരക്കാരനെ തിരഞ്ഞെടുക്കാനുള്ള വിധിയെഴുത്തിനൊരുങ്ങുകയാണ് പുതുപ്പള്ളി. പരസ്യ പ്രചാരണം അവസാനിച്ചതോടെ തികഞ്ഞ ആവേശത്തിലാണ് മുന്നണികള്‍. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയാണ് സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ പരസ്യ പ്രചാരണം ആവേശം നിറച്ച കൊട്ടിക്കലാശത്തോടെ സമാപിച്ചു. മൂന്ന് മുന്നണികളും പാമ്പാടിയിലാണ് കലാശക്കൊട്ട് സംഘടിപ്പിച്ചത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. സ്‌ട്രോങ് റൂം ആയ കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് 182 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. ഇന്ന് രാവിലെ ഏഴു മണി മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി 54 വാഹനങ്ങളാണ് സജ്ജമാക്കിയത്. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്.
ആകെ 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ്. 957 പുതിയ വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. വോട്ടെടുപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ കോട്ടയം ബസേലിയോസ് കോളേജിലാണ് വോട്ടെണ്ണല്‍. ആകെ 20 ടേബിളുകളില്‍ കൗണ്ടിങ് നടക്കും. 14 ടേബിളുകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളില്‍ തപാല്‍ വോട്ടുകളും എണ്ണും. വോട്ടെണ്ണലിനായി 74 ഉദ്യോഗസ്ഥരാകും ഉണ്ടാവുക. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്
രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ വീക്ഷിക്കുന്നത്. 53 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മാത്രം വിധിയെഴുതിയ മണ്ഡലമാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ എന്നിവരടക്കം ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ വിജയിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായ മണ്ഡലമാണ് പുതുപ്പള്ളി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിനെ 9,044 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 2016 ലും ജെയ്ക് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അന്ന് 27,092 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി വിജയം നേടിയത്. 53 വര്‍ഷം പുതുപ്പള്ളിയുടെ മുഖമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ പുതിയ അവകാശി ആരാകുമെന്ന പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്.
രാഷ്ട്രീയ ആരോപണങ്ങളാല്‍ ഉമ്മന്‍ ചാണ്ടി ഏറെ വിമര്‍ശനം നേരിട്ട 2016 ലും 2021 ലും ഉയര്‍ന്ന പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു തിരഞ്ഞെടുപ്പുകളിലും 75 ശതമാനത്തിനു മുകളിലായിരുന്നു പോളിങ്. ഇത്തവണയും പോളിങ് ശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വോട്ടര്‍മാരെ ബൂത്തുകളിലേക്കെത്തിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികള്‍.
കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9,044 ലേക്ക് കുറയ്ക്കാന്‍ സാധിച്ചത് ഇടതുമുന്നണിയില്‍ വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഉമ്മന്‍ ചാണ്ടിക്കുള്ള ജനപിന്തുണ മകന്‍ ചാണ്ടി ഉമ്മനും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. എന്നാല്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ എടുത്തുകാണിച്ചാണ് പുതുപ്പള്ളിയില്‍ ബിജെപി വോട്ടുതേടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ഉയര്‍ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.
പ്രതിരോധം തീര്‍ത്ത് പുതുപ്പള്ളി
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങിയതോടെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. വോട്ടുശതമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നിലവിലെ ഭരണത്തിനുള്ള വിലയിരുത്തല്‍ കൂടിയാകും. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് കോണ്‍ഗ്രസിനു തിരിച്ചടിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത് തുടര്‍പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചേക്കാം. പുതുപ്പള്ളിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അങ്ങനെയെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവരുടെ ആത്മവിശ്വാസത്തെ ഉയര്‍ത്താനും കാരണമാകും. ആരോപണ പ്രത്യാരോപണങ്ങള്‍ക്കും സൈബര്‍ പോരാട്ടങ്ങള്‍ക്കും ഇടയിലൂടെയായിരുന്നു പുതുപ്പള്ളി പ്രചാരണം മുന്നോട്ടുപോയത്.