സില്‍ക്യാര തുരങ്കം: തൊഴിലാളികള്‍ നിരീക്ഷണത്തില്‍; 41 പേരും പുതുജീവിതത്തിലേക്ക്
സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെട്ട 41 തൊഴിലാളികളും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരുലക്ഷം രൂപ വീതം നല്‍കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. 17 ദിവസത്തെ ശ്രമഫലമായാണ് തുരങ്കത്തില്‍ അകപ്പെട്ടവര്‍ പുറംലോകത്തേക്ക് എത്തിയത്.
നവംബര്‍ 12 ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് നിര്‍മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തില്‍ അപകടമുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് 41 തൊഴിലാളികളെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. തുരക്കല്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഉച്ചയോടെയാണ് ആംബുലന്‍സുകള്‍ തുരങ്കത്തിനകത്തേക്ക് കടത്തിവിട്ടത്. സ്ട്രെക്ചറുകളുമായി എസ്ഡിആര്‍എഫ് സംഘവും തുരങ്കത്തിനകത്തേക്ക് പ്രവേശിക്കുകയായിരുന്നു. പത്തുപേരടങ്ങുന്ന സംഘമാണ് തുരങ്കത്തിനകത്തേക്ക് പോയത്. ഇതില്‍ നാലുപേര്‍ പൈപ്പിനകത്തുകൂടി തൊഴിലാളികളുടെ സമീപത്തേക്കു ചെന്നു. പൈപ്പില്‍ കുടുങ്ങിയിരുന്ന ഓഗര്‍ യന്ത്രത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായും നീക്കംചെയ്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടതോടെ റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 4 റാറ്റ് ഹോള്‍ മൈനിംഗ് വിദഗ്ധര്‍ മാനുവല്‍ ഡ്രില്ലിംഗ് നടത്തുകയായിരുന്നു. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പ്രാഥകമിക ചികിത്സ നല്‍കുന്നതിനായി തുരങ്കത്തിനകത്തു താല്കാലിക ഡിസ്‌പെന്‍സറിയും ക്രമീകരിച്ചിരുന്നു. പുറത്തെത്തിച്ച തൊഴിലാളികളെ ചിന്‍യാലിസൗറിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്.
രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യം എത്തിച്ച മെഷീന്‍ വേണ്ടത്ര ഫലം നല്‍കാതെ വന്നതോടെ അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ എത്തിച്ചു. എന്നാല്‍ ഓഗര്‍ മെഷീന്‍ അവസാനനിമിഷങ്ങളില്‍ തകരാറിലായതോടെ റാറ്റ് ഹോള്‍ മൈനിങ് രീതി സ്വീകരിക്കേണ്ടി വരികയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കുഴലില്‍ കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെത്തിക്കാന്‍ സാധിച്ചതോടെയാണ് ദൗത്യം ലക്ഷ്യസ്ഥാനത്തെത്തിയത്.
രക്ഷാമാര്‍ഗം തുറന്ന് റാറ്റ് മൈനേഴ്‌സ്
ഇടുങ്ങിയ സ്ഥലത്തു തൊഴിലാളികള്‍ നേരിട്ടു തുരക്കുന്ന സമ്പ്രദായമാണ് റാറ്റ് മൈനിങ്. രക്ഷാദൗത്യത്തില്‍ നിര്‍ണായകമായത് റാറ്റ് ഹോള്‍ മൈനിങായിരുന്നു. നാലടിയില്‍ കൂടുതല്‍ വീതിയില്ലാത്ത ചെറിയ കുഴികള്‍ കുഴിച്ച് കല്‍ക്കരി വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് റാറ്റ് ഹോള്‍ ഖനനം. ഖനിത്തൊഴിലാളികള്‍ കല്‍ക്കരിപ്പാളികള്‍ക്ക് അടുത്തെത്തിയാല്‍ കല്‍ക്കരി വേര്‍തിരിച്ചെടുക്കാന്‍ വശങ്ങളിലായി തുരങ്കങ്ങളുണ്ടാക്കും. പുറത്തേക്കെടുക്കുന്ന കല്‍ക്കരി സമീപത്തു കൂട്ടിയിടും. കൈകൊണ്ടാകും തൊഴിലാളികള്‍ കുഴിയെടുക്കുക.
അശാസ്ത്രീയമായതിനാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ 2014 ല്‍ റാറ്റ് ഹോള്‍ ഖനനം നിരോധിച്ചെങ്കിലും വ്യാപകമായി തന്നെ ഈ രീതി തുടരുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി തൊഴിലാളികള്‍ റാറ്റ് ഹോള്‍ ഖനനത്തിനിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്. ചെറിയ കുഴികളായതിനാല്‍ പലപ്പോഴും കുട്ടികളെയും ഈ ജോലിക്കായി ഉപയോഗിക്കുന്നുണ്ട്.
രക്ഷാദൗത്യം വൈകിയതില്‍ ആക്ഷേപം
നവംബര്‍ 12 ന് ദീപാവലി ദിവസം ടണലില്‍ അകപ്പെട്ടവരെ അടിയന്തരപ്രാധാന്യത്തോടെ പുറത്തെത്തിക്കാന്‍ ശ്രമങ്ങളുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തെ പലവിധ തടസ്സങ്ങള്‍ പ്രതികൂലമായി ബാധിച്ചിരുന്നു. ഉത്തരാഖണ്ഡിന്റെ ദുര്‍ബല ഭൂപ്രകൃതിയും രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയായി. കൂടാതെ ഏകോപനമില്ലായ്മയും, രക്ഷാപ്രവര്‍ത്തനത്തിന് ഏതുമാര്‍ഗം സ്വീകരിക്കണമെന്നതിലും ആശയക്കുഴപ്പങ്ങള്‍ തുടക്കം മുതല്‍ പ്രകടമായതായാണ് ആരോപണം. മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഹിമാലയന്‍ താഴ്‌വരയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.
ചാര്‍ധാം റോഡുവികസനവുമായി ബന്ധപ്പെട്ടാണ് 4,531 മീറ്റര്‍ നീളമുള്ള തുരങ്കപാതയുടെ നിര്‍മാണം നടക്കുന്നത്. പാത യാഥാര്‍ത്ഥ്യമായാല്‍ ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം 26 കിലോമീറ്റര്‍ കുറയും. ചാര്‍ധാം തീര്‍ത്ഥാടകരുടെ സുഗമമായ യാത്രയ്ക്കു വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. നിലവിലെ റോഡ് വീതികൂടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു തുരങ്കപാത നിര്‍മിക്കാന്‍ ധാരണയായത്. 853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് പാത നിര്‍മിക്കുന്നത്.