TMJ
searchnav-menu
post-thumbnail

TMJ Daily

കുറ്റവാളികളുടെ ആസ്തികള്‍ കണ്ടെത്താന്‍ സില്‍വര്‍ നോട്ടീസ്; പുതിയ നോട്ടീസുമായി ഇന്റര്‍പോള്‍

10 Jan 2025   |   1 min Read
TMJ News Desk

ഗോള പൊലീസായ ഇന്റര്‍പോള്‍ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്കെതിരെ വിവിധ നോട്ടീസുകള്‍ പുറത്തിറക്കാറുണ്ട്. ഏവര്‍ക്കും പരിചയം റെഡ് നോട്ടീസാണ്. മറ്റൊരു രാജ്യത്തിലേക്ക് കടന്ന കുറ്റവാളിയെ കണ്ടെത്തുന്നതിനാണ് റെഡ് നോട്ടീസ് ഇറക്കുന്നത്. ഇന്റര്‍പോളിന് നിലവില്‍ എട്ട് നിറങ്ങളിലുള്ള നോട്ടീസുകള്‍ ഉണ്ട്. അതിലേക്ക് ഒരു നോട്ടീസ് കൂടി ഇന്റര്‍പോള്‍ കൂട്ടിച്ചേര്‍ത്തു, സില്‍വര്‍ നോട്ടീസ്.

അതിര്‍ത്തികള്‍ കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായിട്ടാണ് സില്‍വര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറത്തിറക്കിയത്. ആദ്യ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് ഇറ്റലിയിലെ മുതിര്‍ന്ന മാഫിയ സംഘാംഗത്തിന്റെ ആസ്തികള്‍ കണ്ടെത്തുന്നതിനാണ്.

ഇന്ത്യ അടക്കം 52 രാജ്യങ്ങള്‍ സില്‍വര്‍ നോട്ടീസിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗഭാക്കാകുന്നു. ഇന്ത്യ നിലവില്‍ 10 പേരെ സാമ്പത്തിക തട്ടിപ്പിന് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ വിദേശത്തേക്ക് കടത്തിയിട്ടുള്ള ആകെ കള്ളപ്പണത്തിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല.

വിദേശത്തെ നികുതി വെട്ടിപ്പ് സ്വര്‍ഗങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കടത്തിയ സ്വത്തിന്റെ കണക്ക് അറിയാന്‍ സില്‍വര്‍ നോട്ടീസ് സഹായിക്കുമെന്ന് ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ പദ്ധതി പ്രകാരം ഇതുവരെ 500 നോട്ടീസുകളുടെ അഭ്യര്‍ത്ഥനകളാണ് ഉള്ളതെന്നും പങ്കാളികളായ രാജ്യങ്ങള്‍ക്ക് തുല്യമായി വീതംവച്ചു നല്‍കുമെന്ന് ഇന്റര്‍പോള്‍ പറയുന്നു. എന്നാല്‍ ഈ നോട്ടീസ് ഏത് വ്യക്തിയുടെ പേരിലാണോ ഇറക്കുന്നത് അയാളുടെ വിവരങ്ങള്‍ ഇന്റര്‍പോള്‍ പുറത്തുവിടുകയില്ല.

തട്ടിപ്പ്, അഴിമതി, മയക്കമരുന്ന് കള്ളക്കടത്ത്, പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസ്തികളുടെ വിവരങ്ങള്‍ സില്‍വര്‍ നോട്ടീസ് വഴി രാജ്യങ്ങള്‍ക്ക് തിരയാം.

വസ്തുക്കള്‍, വാഹനങ്ങള്‍, സാമ്പത്തിക അക്കൗണ്ടുകള്‍, ബിസിനസുകള്‍ തുടങ്ങിയവ അടക്കമുള്ള ആസ്തികളുടെ വിവരങ്ങള്‍ കണ്ടെത്താനും ശേഖരിക്കാനും കൈമാറാനും ഈ നോട്ടീസിലൂടെ സാധിക്കും.




 

#Daily
Leave a comment