
കേരളത്തിൽ എസ്ഐആർ തുടരാം: സുപ്രീം കോടതി
കേരളത്തിൽ നടക്കുന്ന എസ്ഐആർ നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളി. അതേസമയം എസ്ഐആർ നടപടികൾക്കായി കൂടുതൽ സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന വിധി.
എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നത് സർക്കാർ ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്നും അധികഭാരം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ബിജെപി ഒഴികെയുള്ള സംസ്ഥാനത്തെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി എതിർത്തിരുന്നു. എസ്ഐആർ നടപടികൾ ഒരു കാരണവശാലും തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.


