
എസ്ഐആർ: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന്
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) നടപടികൾക്ക് ശേഷം കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെയും ആൻഡമാൻ–നിക്കോബാർ ദ്വീപുകളിലെയും കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളത്തിന് പുറമെ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ കരട് പട്ടികകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കേരളത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് എത്ര പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്നത് ഇന്ന് വ്യക്തമാകും.
നാലിടങ്ങളിലും കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി നേരത്തെ കമ്മീഷൻ നീട്ടിയിരുന്നു. കരട് പട്ടികയോടെ സംസ്ഥാനത്ത് എസ്ഐആറിന്റെ ഒന്നാംഘട്ടം അവസാനിക്കും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ സാധിക്കാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം–6 നൽകി പേരുചേർക്കാൻ അപേക്ഷിക്കാം; ഇങ്ങനെ അപേക്ഷിക്കുമ്പോൾ ഡിക്ലറേഷൻ നിർബന്ധമാണ്.
ശനിയാഴ്ച വരെയുള്ള ഇലക്ഷൻ കമ്മീഷന്റെ കണക്കുപ്രകാരം കേരളത്തിൽ 24,08,503 പേർ (8.65%) പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് കണക്ക്. ഇതിൽ മരിച്ചവർ 6,49,885, കണ്ടെത്താനാകാത്തവർ 6,45,548, സ്ഥിരമായി താമസം മാറിയവർ 8,16,221, ഒന്നിലധികം പട്ടികയിലുള്ളവർ 1,36,029, എന്യൂമറേഷൻ ഫോം തിരികെ നൽകാൻ വിസമ്മതിച്ചവർ ഉൾപ്പെടുന്ന ‘മറ്റുള്ളവർ’ 1,60,830 പേരുമാണ്.
നേരത്തെ തമിഴ്നാട്ടിൽ 97 ലക്ഷം പേരെയും ഗുജറാത്തിൽ 73 ലക്ഷം പേരെയും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.


