
കേരളത്തിലെ SIR: ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എസ്ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ എസ്‌ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുന്നത്. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
അതേസമയം എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെ ശക്തമായി എതിര്‍ക്കുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന് തിരഞ്ഞെടുപ്പ് നടപടികളില്‍ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു.
കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാറിന് പുറമേ സിപിഐഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.


