
സിസ്റ്റൈന്‍ ചാപ്പല്‍ അടച്ചു; അടുത്ത പോപ്പ് തിരഞ്ഞെടുപ്പ് ഒരുക്കം ആരംഭിച്ചു
ഏപ്രില്‍ 21ന് 88ാം വയസ്സില്‍ കാലം ചെയ്ത പോപ്പ് ഫ്രാന്‍സിസിന് പകരമുള്ള പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ തയ്യാറെടുപ്പുകള്‍ക്കായി വത്തിക്കാന്‍ സിസ്റ്റൈന്‍ ചാപ്പല്‍ അടച്ചു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ സിസ്റ്റൈന്‍ ചാപ്പലിനാണ് ഒത്തുകൂടുന്നത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച്ച നടന്നിരുന്നു. കത്തോലിക്ക സഭ ഒമ്പത് ദിവസത്തെ ദുഖാചരണ കാലയളവിലാണ്.
സഭാ നിയമം അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. ഒമ്പത് ദിവസത്തെ ദുഖാചരണം അവസാനിച്ചശേഷമേ കോണ്‍ക്ലേവ് ആരംഭിക്കാനാകൂ. അതേസമയം, അടുത്ത നടപടികളിലേക്ക് ശ്രദ്ധ തിരിക്കാനുള്ള പരിശ്രമത്തിലാണ് സഭ.
കോണ്‍ക്ലേവിനായി സിസ്റ്റൈന്‍ ചാപ്പലിനെ ഒരുക്കുകയാണ് പ്രധാനം. കോണ്‍ക്ലേവിനായി ചാപ്പലില്‍ കര്‍ദിനാള്‍മാര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വാതില്‍ അടയ്ക്കും. പുതിയ പോപ്പിനെ തിരഞ്ഞെടുത്തശേഷമേ ഇവര്‍ക്ക് പുറത്ത് പോകാന്‍ സാധിക്കുകയുള്ളൂ. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയശേഷം വോട്ട് രേഖപ്പെടുത്തിയ പേപ്പര്‍ കത്തിക്കുന്ന പുക പുറത്തുവരുന്നത് കണ്ടാണ് പോപ്പിനെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് ലോകം അറിയുന്നത്. കറുത്ത പുക പുറത്ത് വന്നാല്‍ തീരുമാനം ആയില്ലെന്നും വെളുത്ത പുക വന്നാല്‍ പുതിയ പോപ്പിനെ തിരഞ്ഞെടുത്തു എന്നുമാണ് അര്‍ത്ഥം. ഈ പുക പുറത്ത് വരാനുള്ള ചിമ്മിനി സ്ഥാപിക്കുന്നതാണ് ഒരു പ്രധാന ജോലി.
പുതിയ പോപ്പിനെ തിരഞ്ഞെടുത്തശേഷമേ ഇനി ചാപ്പലും അതിനോട് അനുബന്ധിച്ചുള്ള വത്തിക്കാന്‍ മ്യൂസിയവും സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുകയുള്ളൂ. മേയ് അഞ്ചിന് കോണ്‍ക്ലേവ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് പത്ത് വരെ തുടര്‍ന്നേക്കും.


