
മധ്യപ്രദേശിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷനിലൂടെ ആറ് കുട്ടികൾക്ക് എച്ച്‌ഐവി ബാധ
ഭോപാലിലെ സത്‌ന ജില്ലയിൽ തലാസീമിയ ബാധിച്ച ആറ് കുട്ടികൾക്ക് ബ്ലഡ് ട്രാൻസ്ഫ്യൂഷനിലൂടെ എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹീമോഗ്ലോബിൻ ഉത്പാദനത്തെ ബാധിക്കുന്ന ഒരു പാരമ്പര്യ രക്ത രോഗമാണ് തലാസീമിയ. 3 മുതൽ 15 വയസ് വരെ പ്രായമുള്ള രക്തം സ്വീകരിച്ച കുട്ടികളിൽ അഞ്ചുപേരിലും രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്നാൽ മുറിവ്, ശസ്ത്രക്രിയ, അല്ലെങ്കിൽ ചില രോഗാവസ്ഥകൾ എന്നിവ കാരണം ശരീരത്തിൽ നഷ്ടപ്പെട്ട രക്തമോ രക്തത്തിന്റെ ഘടകങ്ങളോ ആയ ചുവന്ന രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, പ്ലാസ്മ എന്നിവ മറ്റൊരു വ്യക്തിയിൽ നിന്ന് രോഗിയിലേക്ക് നൽകുന്ന ചികിത്സാരീതിയാണ്.
സത്‌ന ജില്ലയിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ രോഗബാധിതരുടെ ചെക്കപ്പിലാണ് കുട്ടികൾ എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഈ കുട്ടികൾക്ക് നിരവധി തവണ രക്തപരിവർത്തനം നടത്തിയിട്ടുണ്ടെന്നും, കുറഞ്ഞത് മൂന്ന് ബ്ലഡ് ബാങ്കുകളിൽ നിന്നുമുള്ള രക്തം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഏകദേശം 350 ദാതാക്കളെ കണ്ടെത്തി ഉറവിടം അറിയേണ്ടതുണ്ട്. ഇതുവരെ കണ്ടെത്തിയ 50 ശതമാനത്തോളം ദാതാക്കളിൽ പരിശോധന നടത്തിയെങ്കിലും രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ആരോഗ്യവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ല അറിയിച്ചു. രക്തപരിവർത്തന പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്നും, കുട്ടികൾ എവിടെ വച്ച് എത്ര തവണ രക്തം സ്വീകരിച്ചുവെന്നതടക്കമുള്ള വിവരങ്ങളും പരിശോധിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. രക്തം സ്വീകരിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾക്കും എച്ച്‌ഐവി സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
സത്‌ന ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് 57 തലാസീമിയ രോഗികൾക്ക് രക്തം നൽകിയിട്ടുള്ളതായി കണ്ടെത്തിയതോടെ കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായിരിക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എല്ലാ ബാധിത കുട്ടികൾക്കും ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും, പരിശോധനയും അന്വേഷണവും തുടരുമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.


