
ഹരിദ്വാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും മൂലം ആറ് മരണം
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് ആളുകൾ മരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിൽ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു എന്നും, പടികളിൽ ഇലക്ട്രിക്ക് ഷോക്ക് ഉണ്ടെന്ന് പ്രചാരണമുണ്ടായതും, ആളുകൾ പരിഭ്രാന്തരായതുമാണ് തിക്കിനും തിരക്കിനും കാരണമായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
അന്വേഷണത്തിൽ ഇലക്ട്രിക്ക് ഷോക്കിന്റെ സാധ്യതകളൊന്നും കണ്ടെത്താനായില്ലെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് മയൂർ ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചവരിൽ പോലും ഇലക്ട്രിക്ക് ഷോക്ക് ഏറ്റത്തിന്റെ യാതൊരു സൂചനയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് കാരണക്കാരായവരെ കണ്ടെത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. 35 ആളുകളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട് എന്നും, അവരിൽ ആറ് പേർ മരിച്ചതായും, ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണെന്നും സീനിയർ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര സിങ് ഡോബൽ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സിലൂടെ തന്റെ ദുഃഖം രേഖപ്പെടുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ദുഃഖം രേഖപ്പെടുത്തി. മജിസ്റ്റീരിയൽ തലത്തിൽ അന്വേഷണത്തിനായി ഉത്തരവ് നൽകിയിട്ടുണ്ടെന്നും ധാമി പറഞ്ഞു. ശ്രാവണമാസത്തിൽ എല്ലാ വർഷവും ഹരിദ്വാറിൽ, പ്രത്യേകിച്ച് മാനസ ദേവി ക്ഷേത്രത്തിൽ ഒരുപാട് തീർത്ഥാടകർ എത്താറുണ്ട്.


