
കശ്മീരില്‍ ആറ് ഭീകരരെ വധിച്ചു
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കശ്മീരില്‍ നടത്തിയ രണ്ട് ഓപ്പറേഷനുകളിലായി ആറ് ഭീകരരെ വധിച്ചുവെന്ന് സുരക്ഷ സേന അറിയിച്ചു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം സേന തുടര്‍ച്ചയായി തെക്കന്‍ കശ്മീരില്‍ ഭീകര വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയാണ്.
വിവിധ സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഓപ്പറേഷനുകള്‍ നടത്തുന്നതെന്ന് മേജര്‍ ജനറല്‍ ധനഞ്ജയ് ജോഷി പറഞ്ഞു. ആറ് ഭീകരരെ വധിക്കാനായത് മികച്ച നേട്ടമായും അദ്ദേഹം വിലയിരുത്തി.
കശ്മീരിലെ ഏതൊരു ഭീകര പ്രവര്‍ത്തനവും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമിനുശേഷം വിവിധ ഫോക്കസ് മേഖലകള്‍ സുരക്ഷാ സേനകള്‍ക്ക് തിരിച്ചുനല്‍കിയിട്ടുണ്ട്.
മഞ്ഞുരുകിയതിനുശേഷം ഭീകരര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കയറിയതായി ഇന്റലിജന്‍സ് വിവരം ഉണ്ട്. അതിനാല്‍, ഉയര്‍ന്ന മേഖലകളിലും പര്‍വ്വതങ്ങളിലും വനങ്ങളിലും തുടര്‍ച്ചായി തിരച്ചില്‍ നടത്തുന്നുണ്ട്.
കെല്ലര്‍ മേഖലയിലെ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് മെയ് 12ന് രാത്രിയിലാണ് വിവരം ലഭിച്ചത്. ഇവിടെ തിരച്ചില്‍ നടത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. അവിടെ മൂന്ന് ഭീകരരെ വധിച്ചു.
ട്രാല്‍ ഏറ്റുമുട്ടലില്‍ ഭീകരര്‍ ഗ്രാമത്തിലെ വീടുകളില്‍നിന്നും വെടിയുതിര്‍ത്തു. കുട്ടികളെയടക്കമുള്ള സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് സൈന്യം പറഞ്ഞു. ഇവിടെ മൂന്ന് ഭീകരരെ വിവിധ സ്ഥലങ്ങളിലായി വധിച്ചു.


