
ശബരിമല സ്ത്രീപ്രവേശന വിധിക്ക് നാളെ ആറ് വര്‍ഷം, സെപ്തംബര്‍ 28 തുല്യവകാശദിനമായി ആചരിക്കാന്‍ സ്ത്രീ കൂട്ടായ്മ
ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിച്ചതിന് നാളെ ആറ് വര്‍ഷമാകുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്നതിനെതിരെ കേരളത്തില്‍ ആദ്യം പ്രസ്താവന നടത്തിയത് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയും ഈ വിധിയില്‍ എതിരഭിപ്രായവുമായി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ ഹിന്ദുത്വ സംഘടനകളും ചില ഹിന്ദു സമുദായ സംഘടനകളും രംഗത്തെത്തി. അതിന് പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീ പ്രവേശനത്തിനെതിരെ ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധവും അക്രമവും കലാപവും നടന്നു. പിന്നീട് സുപ്രീം കോടതിയുടെ മറ്റൊരു വിധിയിലൂടെ സ്ത്രീപ്രവേശനം പാടില്ലെന്ന് വിധിച്ചു.
തുല്യാവകാശം എന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചവര്‍ പോലും പിന്നീട് ഈ വിഷയത്തില്‍ രംഗത്തെത്തിയില്ല. ചരിത്രപ്രസിദ്ധമായ തുല്യവകാശ കോടതി വിധി പ്രഖ്യാപനത്തിന് ആറ് വര്‍ഷമാകുമ്പോള്‍ സെപ്തംബര്‍ 28 തുല്യാവകാശ ദിനമായി ആചരിക്കാനൊരുങ്ങുകയാണ് ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ. ഒരു ദിവസത്തെ പരിപാടി എന്നതിനപ്പുറം വിശദമായ ബോധവല്‍ക്കരണ പരിപാടികളിലൂടെയാണ് സ്ത്രീ കൂട്ടായ്മ ഈ ദിനാചരണത്തിനൊരുങ്ങുന്നത്.
സെപ്തംബര്‍ 28 ശബരിമല സ്ത്രീപ്രവേശനവിധിയുടെ വാര്‍ഷികമാണ്. കേരളത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന വാസ്തവത്തിലേക്ക് കണ്ണുകളെ തുറപ്പിച്ച സംഭവമായിരുന്നു ശബരിമല സ്ത്രീപ്രവേശന വിധിയെന്ന് ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ആ നിഷേധത്തെ നിലനിര്‍ത്താന്‍ കേരളത്തിലെ തീവ്ര-മൃദുവലതുപക്ഷങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ദിവസങ്ങളാണ് 2018 സെപ്തംബര്‍ 28ന് ശേഷം പിറന്നത്. കൂടാതെ മലയാളി മുഖ്യധാരാ ഇടതുപക്ഷം ഇത്തരം വിഷയങ്ങളില്‍ സ്വയം വരിച്ച പരിധികളെക്കുറിച്ചും തിരിച്ചറിയാനായി. സ്ത്രീകള്‍ക്ക് തദ്ദേശഭരണസംവിധാനത്തില്‍ കാര്യമായ പ്രാതിനിധ്യം സംവരണം വഴിയും അല്ലാതെയും ഉണ്ടായിക്കഴിഞ്ഞുവെന്നത് നേരു തന്നെ. രാഷ്ട്രീയ അധികാരത്തിന്റെ ഉന്നതതലങ്ങളിലും അതേ പ്രവേശം ലഭിക്കാന്‍ ഫെമിനിസ്റ്റ് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കും യാഥാസ്ഥിതിക ലിംഗവ്യവസ്ഥ അടിച്ചുതാഴ്ത്തുന്ന എല്ലാ ലിംഗ-ലൈംഗികവിഭാഗങ്ങള്‍ക്കും മര്‍ദ്ദിതര്‍ക്കും സാമൂഹ്യ അവകാശങ്ങള്‍ ലഭിക്കാതെയുള്ള രാഷ്ട്രീയപ്രാതിനിധ്യം ഏതാനും ചില സ്ത്രീകളെ അധികാരത്തിലേക്ക് ഉയര്‍ത്തുമെന്നല്ലാതെ കൂടുതല്‍ ഗുണമുണ്ടാക്കാനിടയില്ല.
സ്ത്രീകളുടെയും ലിംഗവ്യവസ്ഥ പാര്‍ശ്വവത്ക്കരിക്കുന്നവരുടെയും സാമൂഹ്യ അവകാശങ്ങള്‍ വ്യാപകമായ തോതില്‍ സ്ഥാപിക്കപ്പെടാതെ രാഷ്ട്രീയാധികാരം നേടുന്ന സ്ത്രീകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനും കഴിയില്ല. ശബരിമലവിധി കൊണ്ട് കിട്ടേണ്ടിയിരുന്ന ആരാധനാസ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് കിട്ടിയില്ലെങ്കിലും ആ വിധി ഇന്നും നിലവിലുണ്ടെന്ന് നാം മറന്നുകൂട. സാമൂഹ്യ-സാംസ്‌കാരിക അവകാശങ്ങളില്‍ നാം എത്രത്തോളം മുന്നോട്ടുപോകേണ്ടിയിരിക്കുന്നെന്ന് സ്വയം ഓര്‍ക്കാനുള്ള ദിനമായി, തുല്യാവകാശ ദിനമായി, ആ ദിവസത്തെ ആചരിക്കേണ്ടതുണ്ടെന്ന് സ്ത്രീ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
സാമൂഹ്യ അവകാശങ്ങളെപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ പൊതുവിദ്യാഭ്യാസ പ്രചരണം നടത്തുന്നു. സാമൂഹിക അവകാശങ്ങള്‍, കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക അവകാശങ്ങളുടെ സ്ഥിതി, ശബരിമല സ്ത്രീപ്രവേശനവിധി തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ചെറുകുറിപ്പുകള്‍ പോസ്റ്റര്‍ രൂപത്തില്‍ പരമാവധി പങ്കുവയ്ക്കാനാണ് കൂട്ടായ്മ ഉദ്ദേശിക്കുന്നത്.
ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ 28 സെപ്തംബര്‍ വൈകുന്നേരം ഏഴു മണിക്ക് 'തുല്യാവകാശദിന വിചാരം: ശബരിമല സ്ത്രീപ്രവേശന വിധിയെ എന്തുകൊണ്ട് മറന്നുകൂട'? എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിക്കും. ജെഎന്‍യുവില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫെമിനിസ്റ്റ് ഗവേഷകയും ചിന്തകയുമായ ഡോ നിവേദിതാ മേനോനാണ് മുഖ്യപ്രഭാഷക. 'ദൈവത്തെ സ്ത്രീകളില്‍ നിന്നു രക്ഷിക്കാന്‍ ശബരിമല, വിശ്വാസം, നിയമം' എന്നതാണ് പ്രഭാഷണവിഷയം. ഡോ ടി ടി ശ്രീകുമാര്‍ അദ്ധ്യക്ഷനായിരിക്കും. വിവരാവകാശ കൂട്ടായ്മയുടെ പ്രവര്‍ത്തകന്‍ ഏ കെ ഷാജി പ്രതികരണം അവതരിപ്പിക്കും.