
എന്‍എസ്എസും ചെന്നിത്തലയും അണ്ണനും തമ്പിയും: വെള്ളാപ്പള്ളി
സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇത്രയും നിലവാരമില്ലാത്ത, പരോക്ഷമായിട്ട് ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശന്‍. ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എന്ന ഭാവത്തിലാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മൂലയിലിരുത്തിക്കൊണ്ട് ഒതുക്കിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സത്യം പറഞ്ഞ തന്നെ അനവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന് വെള്ളാപ്പള്ളി വെളിപ്പെടുത്തി. എന്‍ എസ് എസും രമേശ് ചെന്നിത്തലയും തമ്മില്‍ അണ്ണനും തമ്പിയുമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ ആരെയും തോല്‍പ്പിക്കാന്‍ പറഞ്ഞിട്ടില്ല.
യുഡിഎഫിന്റെ ബലഹീനത എന്‍ ഡി എ യുടെ ഐശ്വര്യമാണെന്നും ബി ഡി ജെ എസിന് എന്‍ ഡി എ യില്‍ നിന്ന് എന്ത് കിട്ടിയെന്ന് പരിശോധിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണം ഒന്നാം പിണറായി സര്‍ക്കാരിനെ പോലെ മെച്ചമല്ലെന്ന് അതിന്റെ ഉള്ളില്‍ നിന്ന് തന്നെ പറയുന്നു. അകത്തുള്ളവര്‍ ചര്‍ച്ച ചെയ്ത് അത് നികത്താന്‍ വേണ്ടിയുള്ള നിര്‍ദ്ദേശം നല്‍കുന്ന കാലഘട്ടത്തില്‍ സത്യമേല്ല താന്‍ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്നതും അതില്‍ ഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നതും സൂചിപ്പിച്ചു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം.
ഭരണത്തിന്റെ ഗ്രാഫ് താഴേക്ക് പോയിയെന്നും മുഖ്യമന്ത്രിയുടേത് അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതുതായി വന്ന മന്ത്രിമാരില്‍ പ്രതീക്ഷിച്ച പ്രകടനം കാണുന്നില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.