
സാമൂഹ്യ മാധ്യമങ്ങളില്‍ മാനസികാരോഗ്യ മുന്നറിയിപ്പ് വേണം; കാലിഫോര്‍ണിയ നിയമം പാസാക്കുന്നു
ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന യുഎസ് സംസ്ഥാനമായ കാലിഫോര്‍ണിയ സാമൂഹ്യ മാധ്യമങ്ങളില്‍ മാനസികാരോഗ്യ മുന്നറിയിപ്പ് പതിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമം പാസാക്കാനൊരുങ്ങുന്നു. ഇതിനായുള്ള ബില്‍ തിങ്കളാഴ്ച്ച അവതരിപ്പിച്ചു.
ഓണ്‍ലൈനില്‍ കുട്ടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ബില്‍ അവതരിപ്പിച്ച അറ്റോര്‍ണി ജനറല്‍ റോബ് ബോന്റ പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളില്‍ മാനസികാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നുവെന്ന് ഈ വര്‍ഷമാദ്യം യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു.
നമ്മുടെ കുട്ടികളുടെ മേല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ അപകടരമായ പ്രഭാവം സൃഷ്ടിക്കുന്നതായി ഇത്തരം കമ്പനികള്‍ക്ക് അറിയാമെന്നും അവരെ സുരക്ഷിതമാക്കുന്നതില്‍ അര്‍ത്ഥവത്തായ നടപടികള്‍ സ്വീകരിക്കാന്‍ അവര്‍ വിസമ്മതിക്കുകയാണെന്നും ബോന്റ പറഞ്ഞു. സമയം കഴിഞ്ഞുവെന്നും നമ്മള്‍ മുന്നിട്ടറിങ്ങി മാറ്റം ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിലെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ മുന്നറിയിപ്പ് ലേബലുകള്‍ പോപ് അപ്പ് ചെയ്യണമെന്ന് ബോന്റ പറഞ്ഞു.
2022-ല്‍ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 13 നും 17നും ഇടയിലെ കുട്ടികളില്‍ 95% പേരും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൂന്നിലൊന്നില്‍ അധികം പേര്‍ പതിവായി അവ ഉപയോഗിക്കുന്നുണ്ട്.
രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്ത് ഓസ്‌ട്രേലിയ നവംബര്‍ 16-ന് കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം പാസാക്കിയിരുന്നു.