
സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്: ആറ് പൊതുഭരണ വകുപ്പ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ
സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം ജീവനക്കാർക്ക് നേരെ നടപടിക്ക് ശുപാർശ. സർവിസിലിരിക്കെ തന്നെ പെൻഷൻ തുക കൈപ്പറ്റുന്നതായിരുന്നു തട്ടിപ്പ്. ഇത് കൂടാതെ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനൊപ്പമാണ് പൊതുഭരണവകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ വകുപ്പിന്റെ അഡിഷണൽ സെക്രട്ടറി നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടക്കണമെന്നും അഡിഷണൽ സെക്രട്ടറി നിർദ്ദേശിച്ചു. പാർട്ട് ടൈം സ്വീപർമാരാണ് പൊതുഭരണ വകുപ്പിൽ നടപടി നേരിടാനൊരുങ്ങുന്ന ആറ് ജീവനക്കാർ. ഇതിന്റെ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന് ധനവകുപ്പ് കണ്ടെത്തിയിരുന്നു.
തട്ടിപ്പ് നടത്തിയ 1458 ജീവനക്കാരുടെ പേര് വിവരങ്ങൾ ധനവകുപ്പ് പുറത്ത് വിട്ടിട്ടില്ല. ജീവനക്കാരുടെ അതാത് വകുപ്പുകളോട് നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതിൽ ആദ്യ നടപടിയെടുത്തത് മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് നേരെയായിരുന്നു. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് നേരെ നടപടിയെടുക്കാൻ കൃഷിമന്ത്രിയാണ് നിർദ്ദേശം നൽകിയത്.
ആരോഗ്യ വകുപ്പിലും കോളേജ് വിദ്യാഭ്യാസ വകുപ്പിലും പൊതുവിദ്യാഭ്യാസ വകുപ്പിലുമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് സർവീസിലിരിക്കെ തന്നെ പെൻഷൻ പറ്റിയ ജീവനക്കാരിൽ കൂടുതൽ. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീങ്ങാത്തതും താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് നേരെയാണ് നടപടിക്കൊരുങ്ങുന്നത് എന്നും നടപടികൾക്ക് നേരെ വിമർശനം ഉയരുന്നുണ്ട്. അച്ചടക്ക നടപടിയെ സ്വാഗതം ചെയ്യുന്നെന്നും, ജീവനക്കാരെ അടച്ചാക്ഷേപിക്കാതെ കുറ്റം ചെയ്തവർക്ക് നേരെ മാത്രം നടപടി എടുക്കണമെന്നും സർവീസ് സംഘടനകൾ അറിയിച്ചു.