TMJ
searchnav-menu
post-thumbnail

പിണറായി വിജയന്‍ | PHOTO: PTI

TMJ Daily

സതീശനല്ല വിജയന്‍; ദല്ലാളിനെ ഇറക്കിവിട്ട ആളാണ് താനെന്ന് മുഖ്യമന്ത്രി 

11 Sep 2023   |   1 min Read
TMJ News Desk

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ഗൂഢാലോചന സംബന്ധിച്ച് പ്രതിപക്ഷം സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് കാണാതെ പ്രതികരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദല്ലാളും തന്നെ വന്ന് കണ്ടിട്ടില്ല. അയാളെ നല്ലപോലെ അറിയാവുന്നവരാണല്ലോ മറുപക്ഷത്തിരിക്കുന്നവര്‍. ദല്ലാള്‍ നന്ദകുമാര്‍ തന്റെയടുത്ത് വന്നുവെന്നത് കെട്ടിച്ചമച്ച കഥ മാത്രമാണ്. ഒരിക്കല്‍ നന്ദകുമാര്‍ തന്നെ കാണാന്‍ വന്നിരുന്നു. അന്ന് താന്‍ കേരള ഹൗസില്‍ ഇരിക്കുകയായിരുന്നു. അന്ന് അവിടെ നിന്ന് ഇറക്കിവിട്ടയാളാണ് ഞാന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി.

പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ അന്വേഷിക്കാം 

സോളാറില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസ് കൈകാര്യം ചെയ്തിട്ടില്ല. പ്രതിപക്ഷം പറയുന്നതുപോലെ അധികാരത്തിലെത്തി മൂന്നാം ദിവസമല്ല, മൂന്നാം മാസത്തിലാണ് പരാതിക്കാരി പരാതി നല്‍കിയത്. അതില്‍ സര്‍ക്കാര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വന്ന പരാതിയിന്‍മേല്‍ നിയമനടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. പ്രതിപക്ഷം ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി, രാഷ്ട്രീയ വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാല്‍ യുഡിഎഫിനു അത്ര സുഖകരമാകില്ലെന്നു പറഞ്ഞു.  പി.ടി ചാക്കോയെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഏതു രീതിയിലാണ് വേട്ടയാടിയത്. 1994 ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവയ്ക്കുന്നതിനു മുന്‍പ് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയവരെയും വേട്ടയാടലിനെ കുറിച്ചും നടത്തിയ പരാമര്‍ശം ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി. 

സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിലാണ് നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച നടന്നത്. സിബിഐ കണ്ടെത്തലില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ നോട്ടീസിന്മേലാണ് ചര്‍ച്ച അനുവദിച്ചത്.


#Daily
Leave a comment