
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്നു: വെള്ളാപ്പള്ളി
പിണറായി വിജയന്‍ സര്‍ക്കാര്‍ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതമല്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാവപ്പെട്ടവര്‍ക്കു വേണ്ടി ഒട്ടനവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവൃത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ചെയ്യുന്നതെന്നും അതിലൂടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും അവര്‍ കളങ്കമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം എസ്എന്‍ഡിപിയുടെ മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണം സൃഷ്ടിച്ച വിടവ് നികത്താന്‍ സിപിഐഎമ്മിന് സാധിച്ചിട്ടില്ലെന്നും കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘാടകമികവും പാര്‍ട്ടിക്കു നല്‍കിയ കരുത്ത് അസാധാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് അത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്ന സ്ഥിതിയാണ്. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും നിലവിലെ സാഹചര്യത്തില്‍ പിണറായി അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിക്കേണ്ടി വന്നാല്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയുടെ തുടക്കമാകും ആ തീരുമാനമെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടിനേതാക്കളും അണികളും വരെ ദുരനുഭവങ്ങളുടെ ഇരകളാണെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലെ ഉദ്ദേശ്യശുദ്ധി മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഫീസിലെ പോരായ്മകള്‍ വിലയിരുത്തി തിരുത്തണമെന്ന് വെള്ളാപ്പള്ളി അപേക്ഷിച്ചു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഇടതുപക്ഷത്തിന് താങ്ങായും തണലായും തൂണായും നിലകൊള്ളുന്നവരാണ് ഈഴവരാദി പിന്നാക്ക വിഭാഗക്കാരെന്നും ലേഖനത്തില്‍ പറയുന്നു.
എന്നാല്‍, ഈഴവര്‍ക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണനയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തമ്മില്‍ ഭേദം സിപിഎം ആണെന്നും ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ അവഗണിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ എഴുതി.
കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണെന്നും അവിടെ കെ ബാബു എന്നൊരു ഈഴവ എംഎല്‍എ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പോലും തഴയുന്നു. കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യമാണെന്നും ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ ഈഴവന്‍ പോലും പദവിയില്‍ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.