സോണിയ ഗാന്ധി | PHOTO: PTI
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നും മത്സരിക്കും
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സോണിയ ഗാന്ധി സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പമാണ് സോണിയ ജയപ്പൂരില്‍ എത്തിയത്.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാകുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, സല്‍മാന്‍ ഖുര്‍ഷിദ്, കെസി വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.
രാജ്യസഭയിലേക്കുള്ള ആദ്യ പ്രവേശനം
തിഞ്ഞെടുപ്പില്‍ വിജയിക്കുന്നതോടെ സോണിയാ ഗാന്ധിയുടെ രാജ്യസഭയിലേക്കുള്ള ആദ്യ പ്രവേശനമായിരിക്കും ഇത്. 22 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി അഞ്ചുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 15 ആണ്് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. രാജസ്ഥാനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 പേരാണ് രാജ്യസഭയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ വിരമിക്കുന്നത്. 1964 മുതല്‍ 1967 വരെ രാജ്യസഭാംഗമായിരുന്ന ഇന്ദിരാഗാന്ധിയ്ക്കു ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്നും രാജ്യസഭയിലേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് സോണിയ ഗാന്ധി. 56 രാജ്യസഭാ സീറ്റുകളില്‍ മധ്യപ്രദേശ് ഉള്‍പ്പെടെ ഒമ്പത് സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 27-നാണ് ഒഴിവുവരുന്ന സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശിലും ബംഗാളിലും അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.