
PHOTO: WIKI COMMONS
ഇസ്രയേലിനെതിരെ കോടതിയെ സമീപിച്ച് സൗത്ത് ആഫ്രിക്ക; നയതന്ത്ര ബന്ധങ്ങള്‍ നിര്‍ത്തിവച്ചു
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേലിനെതിരെ വംശഹത്യയ്ക്ക് കേസ് ഫയല്‍ ചെയ്ത് സൗത്ത് ആഫ്രിക്ക. ഇസ്രയേലിന്റെ കൊളോണിയല്‍ അധിനിവേശത്തിനും വംശവിവേചന ഭരണത്തിനും കീഴില്‍ പലസ്തീനികള്‍ ദുരിതമനുഭവിക്കുകയാണെന്നും അപകടകരമായ സാഹചര്യങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുദ്ധക്കുറ്റ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ദക്ഷിണാഫ്രിക്ക നിര്‍ത്തിവച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം ഇസ്രയേല്‍ നിഷേധിച്ചു. പലസ്തീനികളോടുള്ള ഇസ്രയേല്‍ നടപടികള്‍ വംശീയവിവേചനത്തിന് തുല്യമാണെന്ന വാദവുമായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.
യുദ്ധം നിര്‍ത്തിയാല്‍ ബന്ദിമോചനം
യുദ്ധം നിര്‍ത്താതെ ബന്ദികളുടെ മോചന ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഹമാസ്. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ഇതുസംബന്ധിച്ച നിലപാട് അറിയിച്ചതായും ഹമാസ് നേതാവ് ഒസാമ ഹംദാന്‍ വ്യക്തമാക്കി. ഖത്തര്‍, ഈജിപ്ത് ഉള്‍പ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങള്‍ യാതൊരു സമ്മര്‍ദവും തങ്ങള്‍ക്കുമേല്‍ നടത്തുന്നില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. ഒക്‌ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ കടന്നാക്രമണത്തില്‍ ഗാസയില്‍ 21,507 ആളുകള്‍ ഇതുവരെ കൊല്ലപ്പെടുകയും 55,915 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1,139 പേരാണ് മരണപ്പെട്ടത്.
ചെങ്കടലിലേക്ക് കടന്ന യുദ്ധം
ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഹൂതികള്‍ ചെങ്കടലില്‍ ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത് ലോകത്തിന്റെ വാണിജ്യ സാമ്പത്തിക മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്. യുദ്ധം ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോഴാണ് ഗാസയ്ക്കും പലസ്തീനും വെസ്റ്റ് ബാങ്കിനും പുറമെ ചെങ്കടല്‍ കൂടി ആക്രമണകേന്ദ്രമാകുന്നത്. പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്നാണ് ഹൂതികളുടെ ഭീഷണി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ നിലനില്‍ക്കുന്ന ഭീഷണി ലോകത്തെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നവംബര്‍ 19 നാണ് ആദ്യ ഇസ്രയേലി കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തത്. ഇതിനോടകം 15 കപ്പലുകള്‍ ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.