
ദക്ഷിണേഷ്യ പണ്ഡിതൻ ആഷ്‌ലി ടെല്ലിസിന് ജാമ്യം
അമേരിക്കയിൽ അറസ്റ്റിലായ ദക്ഷിണേഷ്യ നയതന്ത്ര വിദഗ്ദ്ധനും, പണ്ഡിതനുമായ ആഷ്‌ലി ടെല്ലിസിന് വിചാരണയ്ക്ക് മുമ്പുള്ള ജാമ്യം അനുവദിച്ചു. ഒക്ടോബർ 11നാണ് ടെല്ലിസിനെ അറസ്റ്റ് ചെയ്തത്. "രഹസ്യമായ ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ്", 64 കാരനും അമേരിക്കൻ പൗരനുമായ ടെല്ലിസിനെ കസ്റ്റഡിയിലെടുത്തതെന്നാണ് അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
ഒക്ടോബർ 21 ചൊവ്വാഴ്ച വിർജീനിയയിലെ കിഴക്കൻ ജില്ലയിൽ തടങ്കൽ വാദം കേൾക്കലിനായി അദ്ദേഹം ഹാജരായി. തുടർന്ന്, ഇന്ത്യൻ വംശജനായ അദ്ദേഹത്തെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാനും, ഉയർന്ന ചാരവൃത്തി കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾക്ക് മുമ്പ് വീട്ടുതടങ്കലിൽ വയ്ക്കാനും വിർജീനിയ കോടതി ഉത്തരവിട്ടു.
ദീർഘകാലമായി അമേരിക്കൻ സർക്കാരിന്റെ ദക്ഷിണേഷ്യ ഉപദേഷ്ടാവാണ് ടെല്ലിസ്. അദ്ദേഹത്തിന്റെ മോചനം നിരവധി ഉപാധികൾ അനുസരിച്ചാണ്. പാസ്‌പോർട്ട്, യാത്രാ നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ, അദ്ദേഹം നിരന്തരമായ മേൽനോട്ടത്തിൽ തുടരും. അതിന് പുറമെ 1.5 മില്യൺ ഡോളറിന്റെ ബോണ്ടിൽ ടെല്ലിസിന്റെ ഭാര്യ ധുൻ ഒപ്പുവച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വീടും അതിന് ഈടായി നൽകിയിട്ടുണ്ട്. വിചാരണയ്ക്ക് മുമ്പുള്ള മോചനത്തെ പിന്തുണച്ച് ടെല്ലിസിന്റെ നിയമോപദേശക സംഘം 64കാരനായ ടെല്ലിസ് രാജ്യം വിട്ട് ഓടിപ്പോകാനുള്ള സാധ്യത "വളരെ കുറവാണ്" എന്ന് പറഞ്ഞു.
"ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി സൂക്ഷിച്ചു എന്ന കുറ്റത്തിൽ അദ്ദേഹം നിരപരാധിയാണെന്ന് കരുതപ്പെടുന്നു. ഡോ. ടെല്ലിസ് രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സൂചന നൽകുന്ന യാതൊരു തെളിവുമില്ല", എന്നും അവർ അവകാശപ്പെട്ടു. "ഖേദകരമെന്നു പറയട്ടെ, അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ പതിവ് പ്രൊഫഷണൽ കർത്തവ്യങ്ങളായ ലൈസൺ വർക്ക്, അന്താരാഷ്ട്ര യാത്ര എന്നിവയെ രഹസ്യ പ്രവർത്തനമായി വ്യാഖ്യാനിക്കുന്നതായി കാണപ്പെട്ടു. സാധാരണ ചിന്താഗതിയിലുള്ള വിദേശനയ ഇടപെടലുകളിൽ എന്തോ ദുഷ്ടലാക്ക് കൊണ്ടുവന്നു", അവർ ചൂണ്ടിക്കാട്ടി.


