TMJ
searchnav-menu
post-thumbnail

TMJ Daily

ലോകസഭയിലെ തെക്കേയിന്ത്യയുടെ പ്രാതിനിധ്യം 33 ശതമാനമാക്കണം: തെലങ്കാന മുഖ്യമന്ത്രി

22 Mar 2025   |   1 min Read
TMJ News Desk

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ ലോകസഭയിലെ പ്രാതിനിധ്യം 24 ശതമാനത്തില്‍ നിന്നും 33 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇത് കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ലോകസഭ പുനര്‍നിര്‍ണയത്തിനെതിരെ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി.

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലുടെ പ്രാതിനിധ്യം 543 സീറ്റുകളില്‍ 130 എണ്ണത്തില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഇത് വെറും 24 ശതമാനമാണ്. ഇതില്‍ കുറവ് വരുന്നത് ഇന്ത്യയിലെ രാഷ്ട്രീയ തിയേറ്ററിലെ നിര്‍ജ്ജീവമായ പ്രേക്ഷകരായി തെക്കിനെ ചുരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളും പഞ്ചാബും പങ്കെടുക്കുന്ന അടുത്ത സമ്മേളനം ഹൈദരാബാദില്‍ നടത്താമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എങ്ങനെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകണമെന്ന് നമുക്ക് ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാപരമായ പിഴയുടെ നയം ബിജെപി നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1971 മുതല്‍ ഇന്ത്യ കുടുംബാസൂത്രണം നടപ്പിലാക്കുന്നത് ദേശീയ മുന്‍ഗണനയായി തീരുമാനിച്ചപ്പോള്‍ തെക്കേയിന്ത്യ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, വടക്കേയിന്ത്യയിലെ വലിയ സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെക്കേയിന്ത്യ കണ്ണഞ്ചിപ്പിക്കുന്ന തെക്ക് ആയി മാറി. അതിവേഗം സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന ജിഡിപിയും പ്രതിശീര്‍ഷ വരുമാനവും തൊഴിലവസരങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും മികച്ച ഭരണവും മികച്ച സാമൂഹിക ക്ഷേമവും കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഖജനാവിലേക്ക് തെക്കേയിന്ത്യ നല്‍കുന്നതിനേക്കാള്‍ വളരെ കുറവാണ് തിരിച്ച് കിട്ടുന്നതെന്ന ആരോപണം രേവന്ത് റെഡ്ഡി ആവര്‍ത്തിച്ചു. ഒരു രൂപ നികുതി നല്‍കുമ്പോള്‍ തമിഴ്‌നാടിന് 26 പൈസയും കര്‍ണാടകയ്ക്ക് 16 പൈസയും തെലങ്കാനയ്ക്ക് 42 പൈസയും കേരളത്തിന് 49 പൈസയുമാണ് ലഭിക്കുന്നത്.

അതേസമയം, ബീഹാറിന് 6.06 രൂപയും ഉത്തര്‍പ്രദേശിന് 2.03 രൂപയും മധ്യപ്രദേശിന് 1.73 രൂപയും ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.


 

 

#Daily
Leave a comment